കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയുള്ള പ്രചരണം ദേശീയ തലത്തില്‍ കൂടുതല്‍ ശക്തമാക്കി ബിജെപി. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിജെപിയുടെ പ്രചരണ തന്ത്രം എന്തായിരിക്കുമെന്ന് വ്യക്തമായ സൂചന നല്‍കി. സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ അറസ്റ്റിലായിരുന്ന ഹിന്ദുത്വ തീവ്രവാദികളെ കോടതി വെറുതെ വിട്ടതിനു പിന്നാലെയാണ് ഇക്കാര്യം ഉദ്ധരിച്ചു കൊണ്ട് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും മോദി പരാമര്‍ശിച്ചത്.
ഹിന്ദുക്കളെ ഭീകരരാക്കിയ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ഹിന്ദുക്കളുടെ രോഷം ഭയന്ന് ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളായ മണ്ഡലങ്ങളിലേക്ക് മത്സരിക്കാന്‍ ഓടുകയാണ് എന്നും കോണ്‍ഗ്രസുകാര്‍ എത്ര ഓടിയാലും ഹിന്ദുക്കള്‍ അവരോട് ക്ഷമിക്കില്ല എന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥനാര്‍ത്ഥിത്വം ചര്‍ച്ചാ വിഷയമാക്കിയ മറ്റൊരാള്‍ സുപ്രീം കോടതി അഭിഭാഷകയായ അഡ്വ. പ്രേരണാ കുമാരിയാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ അഞ്ചു സ്ത്രീകളില്‍ ഒരാളാണ് പ്രേരണാ കുമാരി.
രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ മുസ്ലീം ലീഗ് കൂടി ഉള്‍പ്പെട്ട യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട്ടില്‍ പ്രകടനം നടത്തിയിരുന്നു. ഈ ചിത്രം പങ്കുവച്ചുകൊണ്ടാണ് രാഹുലിനു വേണ്ടി നടക്കുന്ന പ്രചരണ പരിപാടിയില്‍ പാക്കിസ്ഥാന്‍ പതാക വീശുന്നു എന്ന കുറിപ്പോടെ പ്രേരണ കുമാരി ട്വിറ്ററിലും ഫേസ്ബുക്കിലും കുറിപ്പിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് എന്നിവരെ അവര്‍ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. മുസ്ലീം ലീഗിന്റെ കൊടി, പാക്കിസ്ഥാന്‍ കൊടിയെന്ന് വ്യാജമായി പ്രചരിപ്പിക്കുകയായിരുന്നു അവര്‍.
ബിജെപി പൂര്‍വാഞ്ചല്‍ മോര്‍ച്ചയുടെ വക്താവാണ് താന്‍ എന്നാണ് പ്രേരണ കുമാരി വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപി ലീഗല്‍ സെല്ലിന്റെ സെക്രട്ടറിയുമാണ് താന്‍ എന്ന് അവര്‍ തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പറയുന്നു. മോദി മെം ഭി ചൗക്കിദാര്‍ പ്രചരണം തുടങ്ങിയതിനു പിന്നാലെ തന്റെ പേരിനൊപ്പം ചൗക്കിദാര്‍ എന്നു പേരു ചേര്‍ത്ത നേതാവു കൂടിയാണ് പ്രേരണ കുമാരി.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് പ്രേരണ കുമാരിക്ക് പുറമെ ഭക്തി പസ്രിജ സേത്തി, ലക്ഷ്മി ശാസ്ത്രി, അല്‍ക്ക ശര്‍മ, സുധാ പാല്‍ എന്നിവരായിരുന്നു. എന്നാല്‍ പിന്നീട് തനിക്ക് ശബരിമലയിലെ ആചാരങ്ങളെ കുറിച്ച് കൂടുതല്‍ ബോധ്യം വന്നപ്പോള്‍ ഹര്‍ജിയില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പിന്നീട് ബാര്‍ ആന്‍ഡ് ബഞ്ചിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നുണ്ട്. ആരു പിന്മാറിയാലും തങ്ങള്‍ ഈ കേസുമായി മുന്നോട്ട് പോകുമെന്ന് അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര വ്യക്തമാക്കുകയും ചെയ്തിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് പിന്നീട് സുപ്രീം കോടതി വിധിക്കുകയും ഇത് നടപ്പാക്കാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വരികയും ചെയ്യുകയായിരുന്നു.
ശബരിമല വിഷയത്തില്‍ കേരളം പ്രക്ഷോഭത്തില്‍ മുങ്ങിയ സമയത്ത് ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് പിന്തുണയുമായും ഇവര്‍ രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഡ്വ. പ്രേരണാകുമാരിയുടെ ബിജെപി ബന്ധം ചൂണ്ടിക്കാണിച്ചു പത്രസമ്മേളനവും നടത്തിയിരുന്നു.
Leave a Comment