X

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി നടപ്പാക്കണമെന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടു, സൈന്യത്തെ അയയ്ക്കാമെന്നും പറഞ്ഞു: മുഖ്യമന്ത്രി പിണറായി വിജയന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് ജനങ്ങള്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തില്ല എന്നത് അറിയാനും കൂടിയാണ് ഫേസ്ബുക്കിലെ ചോദ്യോത്തര പരിപാടിയെന്നും മുഖ്യമന്ത്രി

ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നടപ്പാക്കണമെന്ന് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘സിപിഎം കേരള’ എന്ന ഫേസ്ബുക്ക് പേജിലൂടെ ജനങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന, ‘പിണാറായിയോട് ചോദിക്കാം’ എന്ന പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വേണമെങ്കില്‍ സൈന്യത്തെ വിട്ടു നല്‍കാമെന്നും നിരോധനാജ്ഞ അടക്കമുള്ളവ പ്രഖ്യാപിക്കണമെന്നും രേഖാമൂലം തന്നെ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗമാളുകള്‍ സിപിഎമ്മിനും എല്‍ഡിഎഫിനും വോട്ടു ചെയ്യാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നും അതുകൊണ്ട് തന്നെ അവരെ കേള്‍ക്കുകയും പ്രശ്നങ്ങള്‍ അറിയുകയുമാണ് ഇത്തരമൊരു ഫേസ്ബുക്കിലൂടെ മറുപടി പറയുന്ന പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ : “ശബരിമല വിഷയമെന്നത് യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടല്ല. രാജ്യത്തെ പരമോന്നത കോടതി ഇക്കാര്യത്തില്‍ നിലപാട് എടുത്തു. ആ നിലപാട് ശബരിമലയുടെ പ്രത്യേക പ്രശ്‌നത്തിലല്ല. ഭണഘടന അനുശാസിക്കുന്ന നിലപാടുകള്‍, സ്ത്രീ പുരുഷ സമത്വം, തുല്യാവസരം ഇത്തരത്തിലുള്ള മൗലികാവകാശങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയായിരുന്നു അതുണ്ടായത്. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സുപ്രീം കോടതി പരിശോധിച്ചത്. അത്തരമൊരു പരിശോധനയുടെ അവസാന ഘട്ടത്തിലാണ് വിധി വരുന്നത്. വിധിക്ക് മുന്‍പ് സംസ്ഥാന സര്‍ക്കാരിന്റെ് നിലപാട് സത്യവാങ്മൂലത്തിലൂടെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോടതി വിധി എന്തായാലും ആ വിധി അനുസരിക്കാന്‍ സര്‍ക്കാര്‍ തയാറാകും, നടപ്പിലാക്കും എന്നതായിരുന്നു സത്യവാങ്മൂലം.

കോടതി അവസാന വിധി പുറപ്പെടുവിച്ചു കഴിഞ്ഞ ശേഷം ആ നിലപാടില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിന് കഴിയില്ല. അതൂകൊണ്ടു തന്നെ സര്‍ക്കാര്‍ കോടതി വിധി നടപ്പാക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തില്‍ ചിലര്‍ ആ കോടതി വിധിയെ എതിര്‍ത്തിട്ടുണ്ട് എന്നത് വസ്തുതാണ്. ആ എതിര്‍ത്തവരില്‍ ചിലര്‍ കോടതിക്കകത്ത് തന്നെ ഇത്തരാമൊരു നിലപാട് എടുത്തുകൂടാ എന്നു വാദിച്ചവരാണ്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം കൊടുക്കരുത് എന്നുവാദിച്ചവരാണ്. ആ വാദം വിശദമായി കേട്ട ശേഷമാണ് കോടതിയുടെ വിധിയുണ്ടായത്.

അത്തരമൊരു ഘട്ടത്തില്‍ കോടതിക്കകത്തും പുറത്തും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് ഏറെക്കുറെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ചിരുന്നത്. സ്ത്രീ പ്രവേശനത്തെ എതിര്‍ ത്തിരുന്നവരില്‍ ചിലര്‍ സുപ്രീം കോടതി വിധി വന്ന ശേഷം കേരളത്തില്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തു വന്നപ്പോള്‍, ആ കാര്യത്തില്‍ കുറച്ചാളുകളെ അവര്‍ അണിനിരത്തുന്നു എന്നു കണ്ടപ്പോള്‍, സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നവര്‍ ഈ പ്രക്ഷോഭകരുടെ കൂടെ കൂടുന്ന നിലയുണ്ടായി. അങ്ങനെ കുറച്ചാളുകള്‍ രാഷ്ട്രീയമായി ഈ പ്രശ്‌നം ഏറ്റെടുക്കാന്‍ തയാറാകുന്ന കാഴ്ച നമ്മള്‍ കണ്ടു. എന്നാല്‍ ഒരു സര്‍ക്കാരിന് ആ രീതിയില്‍ മാറിപ്പോകാന്‍ കഴിയില്ല.

നമുക്കറിയാം, ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് ബിജെപിയും അവരുടെ നേതാക്കളും കേരളത്തില്‍ എന്തു നിലപാടാണ് സ്വീകരിച്ചത് എന്ന്. എന്നാല്‍ ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മാത്രമല്ല, രേഖാമൂലം തന്നെ, സൈന്യത്തെ വേണമെങ്കില്‍ സൈന്യത്തെ തരാന്‍ തയാറാണ്, ആവശ്യമായ നിരോധനാജ്ഞ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യണം, ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്നെല്ലാ കേന്ദ്രം സംസ്ഥാനത്തെ ഉപദേശിക്കുന്ന നിലയുണ്ടായി. ഒരു ഗവണ്‍മെന്റിന്, അത് കേന്ദ്രമായാലും സംസ്ഥാനമായാലും, അത് ബിജെപി നേതൃത്വം കൊടുക്കുന്നതായാലും എല്‍ഡിഎഫ് നേതൃത്വം കൊടുക്കുന്നതായാലും സുപ്രീം കോടതി വിധി അനുസരിച്ചേ മതിയാകൂ. അതുകൊണ്ടാണ് ഞങ്ങള്‍ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്, ഈ വിധി നടപ്പാക്കാന്‍ ഞങ്ങള്‍ തയാറാകുന്നു എന്ന്. സുപ്രീം കോടതി നാളെ മറ്റൊരു  വിധി പുറുപ്പെടുവിച്ചാല്‍ അത് നടപ്പാക്കുന്ന സമീപനമാണ് ഞങ്ങള്‍ക്കുള്ളത്. ഞങ്ങളുടെ അഭിപ്രായമെന്ത് എന്നത് അവിടെ ഒരു പ്രശ്‌നമായി വരുന്നില്ല. നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് സുപ്രീം കോടതി നിലപാട് അംഗീകരിച്ച് നടപ്പാക്കുക എന്നത് മാത്രമേ ഒരു ഗവണ്‍മെന്റിന് ചെയ്യാന്‍ കഴിയൂ.

രാഷ്ട്രീയമായി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആ ഘട്ടത്തില്‍ പലരും പലതും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും കേരളത്തിലെ യുഡിഎഫും അതിന്റെ നേതാക്കന്മാരും ചിലത് പറഞ്ഞുകൊണ്ടിരിക്കുന്നുമണ്ട്. എന്നാല്‍ ഞങ്ങള്‍ അപ്പോഴേ പറഞ്ഞു കൊണ്ടിരുന്ന ഒന്നുണ്ട്. കാരണം ഇതുമായി ബന്ധപ്പെട്ട് ഒരു നിയമനിര്‍മാണവും കൊണ്ടുവരാന്‍ കഴിയില്ല. കാരണം ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്‌നം. അതിലൂന്നിയാണ് കോടതി വിധി വന്നിട്ടുള്ളത്. ആ വിധിയെ ലംഘിക്കാനോ ആ വിധിയെ ലഘൂകരിക്കാനോ ഒരു തരത്തിലുള്ള ഇടപെടലും നാം അംഗീകരിച്ച ഭരണഘടന നിലനില്‍ക്കുന്ന കാലത്തോളം നടക്കില്ല. അതുകാണ്ടു തന്നെയാണ് ഇപ്പോള്‍ നേരത്തെ വലിയ തോതില്‍ കോലാഹലമുണ്ടാക്കിയെങ്കിലും കേന്ദ്രത്തില്‍ ബിജെപി നേതൃത്വം കൊടുക്കന്ന സര്‍ക്കാരിന് വേറൊരു നിലപാടിലേക്ക് പോകാന്‍ കഴിയാത്തത് എന്നതും കാണേണ്ടതുണ്ട്. ഞങ്ങള്‍ക്കിതില്‍ മറ്റൊരു നിലപാടില്ല. സുപ്രീം കോടതി പറഞ്ഞു, ഗവണ്‍മെന്റ നടപ്പാക്കുന്നു. നാളെ സുപ്രീം കോടതി മാറ്റിപ്പറയുന്നു എന്നാണെങ്കില്‍ ആ മാറ്റിപ്പറയുന്നതായിരിക്കും സര്‍ക്കാര്‍ നടപ്പാക്കുക. അതാണ് സര്‍ക്കാരിന്റെ നിലപാട്.”

മറ്റു പരിപാടികള്‍ മാറ്റി വച്ച് കുറെ ദിവസങ്ങള്‍ ഈ ഫേസ്ബുക്ക് പരിപാടിക്കായി മാറ്റി വച്ചിരിക്കുകയാണെന്നും സംസ്ഥാനമൊട്ടാകെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുമായി സംവദിക്കുകയും ഗൃഹസന്ദര്‍ശനം നടത്തുകയും ചെയ്യുന്നുണ്ട് എന്നും പിണറായി പറഞ്ഞു.

“കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പവും എല്‍ഡിഎഫിനൊപ്പവുമുള്ള ഒരു ഭാഗമാളുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാതുള്ള ഒരു നില സ്വീകരിച്ചിട്ടുണ്ട്. എല്‍ഡിഎഫിനോട്‌ ഒരു ഘട്ടത്തിലും വിപ്രതിപത്തി പുലര്‍ത്തിയവരല്ല അവര്‍. എന്തുകൊണ്ടാണ് അവര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഞങ്ങളുടേതായ രീതിയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനൊപ്പം ഓരോ ആളുകളില്‍ നിന്നും അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്ത്‌” എന്ന് മനസിലാക്കാനും കൂടിയാണ് ഈ പരിപാടി എന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു അനുഭവപാഠമായി വരുമെന്നും അതിലൂടെ ഒരു പാര്‍ട്ടിയെന്ന നിലയ്ക്ക് സിപിഎമ്മിനും എല്‍ഡിഎഫിനും ഏതെങ്കിലും പ്രത്യേക നിലപാടുകള്‍ സ്വീകരിക്കണമെങ്കില്‍ അത് എടുക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.എസ് സജിത്തായിരുന്നു പരിപാടിയുടെ അവതാരകന്‍.

This post was last modified on July 22, 2019 8:27 am