X

കംപ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നത് രാജ്യ സുരക്ഷയ്ക്ക് വേണ്ടിയെന്ന് കേന്ദ്ര സർക്കാർ

വിഷയത്തിൽ അനാവശ്യവിവാദം ഉണ്ടാക്കി പ്രതിപക്ഷം രാജ്യ സുരക്ഷയെ വെല്ലുവിളിക്കുകയാണെന്ന് അരുൺ ജയ്റ്റ്ലി

രാജ്യത്തെ കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം രാജ്യസുരക്ഷ  മുന്‍ നിർത്തിയെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്. കംപ്യൂട്ടറിലെ ഏത് ഡേറ്റയും പരിശോധിക്കാന്‍ പത്ത് ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയത് നിയമപ്രകാരമാണ്.  എല്ലാ കംപ്യൂട്ടറുകളും ഏജർസികള്‍ പരിശോധിക്കില്ല. എന്നാൽ വിഷയത്തിൽ അനാവശ്യവിവാദം ഉണ്ടാക്കി പ്രതിപക്ഷം രാജ്യ സുരക്ഷയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറയുന്നു. രാജ്യ സഭയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചോദ്യെ ചെയ്ത് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ രാജ്യസഭയില്‍ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു ജയ്റ്റ്ലിയുടെ മറുപടി. 2009 മുതല്‍ ഇതുസംബന്ധിച്ച നിയമം രാജ്യത്ത് നിലവിലുണ്ട്. ഈ ഉത്തരവ് ഡിസംബര്‍ 20 ന് വീണ്ടും പുറപ്പെടുവിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ആവശ്യമില്ലാത്ത വിഷയം കോണ്‍ഗ്രസ് ഊതിപ്പെരുപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

മന്ത്രിയുടെ മറുപടിയിൽ തൃപ്തരാവാതിരുന്ന പ്രതിപക്ഷം സഭയിൽ ബഹളം തുടർന്നതോടെ രാജ്യസഭ നടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു.

കംപ്യൂട്ടറുകൾ ഉൾപ്പെടെ കേന്ദ്രം നിരീക്ഷിക്കുന്നു; 10 അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ പിടിച്ചെടുക്കാം