ആത്മഹത്യ ചെയ്ത ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ പാർഥ കൺവൻഷൻ സെന്ററിന് അന്തിമാനുമതി നൽകാൻ നിർദേശം. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് നിർദേശം. ഇതുപ്രകാരം നഗരസഭാ സെക്രട്ടറി കണ്‍വെൻഷൻ സെന്ററിൽ പരിശോധന നടത്തി ചൂണ്ടിക്കാട്ടിയ മറ്റു പിഴവുകളെല്ലാം പരിഹരിച്ചതായി ഉറപ്പ് വരുത്തണം. പിഴവുകള്‍ പരിഹരിച്ചതായി പാർഥ ബിൽഡേഴ്സ് നഗരസഭാ സെക്രട്ടറിയെ അറിയിച്ചതിന് പിന്നാലെയാണ് പരിശോധനകൾ പൂര്‍ത്തിയാക്കി അനുമതി നല്‍കാനുള്ള ഉത്തരവെന്നാണ് എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്.
ചീഫ് ടൗൺ പ്ലാനറുടെ സംഘം കണ്ടെത്തിയ നാലു പിഴവുകളിൽ മൂന്നെണ്ണവും പരിഹരിച്ചു. കൺവൻഷൻ സെന്ററിനു പിന്നിൽ തുറസ്സായ സ്ഥലത്തു ജലസംഭരണി സ്ഥാപിച്ചതാണു നാലാമത്തെ പിഴവ്. റാംപ്, ബാൽക്കണി, ശുചിമുറി എന്നിവയുമായി ബന്ധപ്പെട്ടു ചൂണ്ടിക്കാട്ടിയ പോരായ്മകളാണു നാലുദിവസംകൊണ്ടു പരിഹരിച്ചത്. ലഭ്യമാകുന്നതിനുള്ള പരിഷ്കരിച്ച പ്ലാൻ ഈ മാസം എട്ടിന് ആന്തൂർ നഗരസഭയ്ക്കു സമർപ്പിക്കും. സെക്രട്ടറി, എൻജിനീയർ എന്നിവരുടെ പരിശോധനയും എട്ടിനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കൺവൻഷൻ സെന്ററിന് അന്തിമാനുമതി ലഭിക്കാത്തതിൽ മനംനൊന്ത് എംഡി സാജൻ പാറയിൽ ആത്മഹത്യ ചെയ്തതോടെയാണ് പാർത്ഥ കൺവെൻഷൻ സെന്റർ വിവാദത്തിന്റെ ഭാഗമായത്. എന്നാൽ സംഭവത്തിൽ നടക്കുന്ന പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്തൂർ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളക്കെതിരെ സാജന്റെ ഭാര്യയും കുടുംബാംഗങ്ങളും മൊഴി നൽകിയിട്ടും അവരുടെ മൊഴി രേഖപ്പെടുത്താന്‍ പോലും ഉദ്യേഗസ്ഥർ തയ്യാറായിട്ടില്ല.
Leave a Comment