X

ബംഗാളി നടിയും ഗായകന്‍ കിഷോര്‍ കുമാറിന്റെ ആദ്യ ഭാര്യയുമായ രുമ ഗുഹ തകൂര്‍ത്ത അന്തരിച്ചു

സത്യജിത്ത് റേയുടെ അഭിജാന്‍ (1962), ഗണശത്രു (1989) തുടങ്ങിയ സിനിമകളടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി.

പ്രശസ്ത ബംഗാളി നടിയും ഗായകന്‍ കിഷോര്‍ കുമാറിന്റെ ആദ്യ ഭാര്യയുമായിരുന്ന രുമ ഗുഹ തകൂര്‍ത്ത അന്തരിച്ചു. 84 വയസായിരുന്നു. ഇന്ന് രാവിലെ കൊല്‍ക്കത്തയിലെ ബാലിഗഞ്ചിലെ വസതിയിലാണ് അന്ത്യം. കൊല്‍ക്കത്തയില്‍ ഇന്ന് വൈകീട്ട് സംസ്‌കാരം നടക്കും. സത്യജിത്ത് റേയുടെ അഭിജാന്‍ (1962), ഗണശത്രു (1989), അപര്‍ണ സെന്നിന്റെ 36 ചൗരംഗി ലേന്‍, മീര നായരുടെ നേം സേക്ക് (ഇംഗ്ലീഷ്) തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി. ബംഗാളി സിനിമകളില്‍ പിന്നണി ഗായികയായും രുമ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007ല്‍ പുറത്തിറങ്ങിയ
‘നേം സേക്ക്’ ആണ് അവസാന സിനിമ.

1934ല്‍ കൊല്‍ക്കത്തയിലാണ് ജനനം. 1944ല്‍ അമിയ ചക്രബര്‍ത്തിയുടെ ജ്വാര്‍ ഭാത എന്ന സിനിമയില്‍ അഭിനയിച്ചാണ് രുമ ഗുഹ തകൂര്‍ത്തയുടെ തുടക്കം. പേഴ്‌സണല്‍ അസിസ്റ്റന്റ്, നിര്‍ജന്‍ സൈകാതെ, ആന്റണി ഫയറിംഗി, ദാദര്‍ കീര്‍ത്തി, അഭിജാന്‍ 36 ചൗരംഗി ലേന്‍, ആഗുന്‍, ആശ ഓ ഭാലോബാഷാ, ഗണശത്രു, വീല്‍ ചെയര്‍, ഇന്ദ്രജിത്ത്, സംഘര്‍ഷ, നേം സേക്ക് തുടങ്ങിയ ശ്രദ്ധേയ സിനിമകളില്‍ വേഷമിട്ടു.

1950ല്‍ കിഷോര്‍കുമാറിനെ വിവാഹം കഴിച്ചു. 1958ല്‍ ഇരുവരും വിവാഹമോചിതരായി. ലകോചൂരി (1958), സത്യജിത്ത് റേയുടെ തീന്‍ കന്യ (1961), ബാക്‌സോ ബാദലിന്റെ മേരാ ധരം മേരി മാ (1976) തുടങ്ങിയ സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചു. 1958ല്‍ കൊല്‍ക്കത്ത യൂത്ത് കൊയര്‍ സ്ഥാപിച്ചത് രുമയുടെ നേതൃത്വത്തിലാണ്.

കിഷോര്‍ കുമാറുമായുള്ള വിവാഹബന്ധത്തിലുള്ള മകന്‍ അമിത് കുമാര്‍ ഗാംഗുലി ഗായകനും സംഗീത സംവിധായകനും നടനുമാണ്. അരൂപ് ഗുഹ തകൂര്‍ത്തയുമായുള്ള രണ്ടാം വിവാഹത്തിലെ മകള്‍ ശ്രൊമോണ ഗുഹ തകൂര്‍ത്ത പിന്നണി ഗായികയും.

രുമയുടെ മരണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു. സിനിമയ്ക്കും സംഗീതത്തിനും രുമ നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ് എന്ന് മമത ട്വീറ്റ് ചെയ്തു.

This post was last modified on June 3, 2019 6:21 pm