X

ബോഫോഴ്‌സ് കേസ്: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സിബിഐ പിന്‍വലിച്ചു

കേസിൽ‌ പുതിയ തെളിവുകളുണ്ടെന്നും പുതിയ രേഖകള്‍ സമർപ്പിക്കാനുണ്ടെന്നുമായിരുന്നു സിബി ഐയുടെ വാദം.

ബോഫേഴ്‌സ് അഴിമതിക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സിബിഐ പിൻവലിച്ചു. 64 കോടിയുടെ ബോഫേഴ്‌സ് അഴിമതിക്ക് തെളിവില്ലെന്ന് കാണിച്ച് 12 വര്‍ഷം മുമ്പ് കേസ് റദ്ദാക്കി ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടിരുന്നു ഇതിനെതിരെയാണ് തുടരന്വേഷണത്തിന് അനുമതി തേടി സി.ബി.ഐ 2018 ഫെബ്രുവരി 1ന് ഡൽഹി കോടതിയിൽ ഹർജി നൽകിയത്.

കേസിൽ‌ പുതിയ തെളിവുകളുണ്ടെന്നും പുതിയ രേഖകള്‍ സമർപ്പിക്കാനുണ്ടെന്നുമായിരുന്നു സിബി ഐയുടെ വാദം. എന്നാൽ‌ ഇതിന് വിരുദ്ധമാണ് വ്യാഴാഴ്ച കേസ് പിൻ‌വലിക്കാൻ സിബിഐ തീരുമാനം. വര്‍ഷങ്ങള്‍ താമസിച്ചുവെന്ന കാരണം കാട്ടി ഹരജി തള്ളിപ്പോകാനിടയുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നിയമോപദേശം നല്‍കിയിരുന്നു. ഇത് മറികടന്നായിരുന്നു സി.ബി.ഐ അപ്പീല്‍ സമര്‍പ്പിച്ചത്. കേസിൽ ഇനി പുതിയ തീരുമാനം എന്തുവേണമെന്ന് സിബിഐ തീരുമാനിക്കുമെന്നും ഇപ്പോൾ ഹർജി പിൻവലിക്കുകയാണെന്നും ചീഫ് മെട്രോപ്പൊളിറ്റൻ മജിസ്ട്രേറ്റ് നവീൻ കുമാർ കശ്യപിനു മുൻപിൽ അന്വേഷണ ഏജൻസി അറിയിക്കുകയായിരുന്നു. കോടതി ഇത് അനുവദിച്ചു. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ തങ്ങളുടെ അനുവാദം എന്തിനാണ് തേടുന്നതെന്ന് കഴിഞ്ഞ വർഷം ഡിസംബർ നാലിന് കോടതി സിബിഐയോടു ചോദിച്ചിരുന്നു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് സൈന്യത്തിനായി 1986 മാര്‍ച്ച് 24ന് സ്വീഡീഷ് ആയുധ കമ്പനിയായ എബി ബൊഫോഴ്സില്‍ നിന്ന് പീരങ്കികൾ വാങ്ങിയ സംഭവമാണ് പിന്നീട് അഴിമതി ആരോപിക്കപ്പെട്ടത്. സര്‍ക്കാര്‍ 1437 കോടി രൂപ മുടക്കി 400 155 എം.എം പീരങ്കിതോക്കുകകള്‍ വാങ്ങിയതാണ് പിന്നീട് വിവാദമായത്. ഇടപാടിനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ വകുപ്പിലെ ഉന്നതര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിതായി 1987 ഏപ്രില്‍ 16ന് സ്വീഡീഷ് റേഡിയോ വാര്‍ത്ത നല്‍കുകയും പിന്നീട് വിവാദം ഉയരുകയായിരുന്നു.

കോണ്‍ഗ്രസിന്റെയും രാജീവ് ഗാന്ധിയുടേയും പ്രതിഛായയെ ഏറെ ബാധിച്ചതായിരുന്നു ഈ ആരോപണം. എന്നാല്‍ രാജീവ് ഗാന്ധി കോഴ വാങ്ങിയതിന് ഒരു തെളിവുമില്ലെന്ന് കാണിച്ച് ഡല്‍ഹി ഹൈക്കോടതി പിന്നീട് കേസ് തള്ളുകയായിരുന്നു.

കേസിലെ പ്രതികളെ എല്ലാവരെയും വെറുതേവിട്ട 2005 മേയ് 31ലെ ഡൽഹി കോടതി വിധിയെ ചോദ്യം ചെയ്ത 2018 ഫെബ്രുവരി 2ന് സുപ്രീംകോടതിയിലും സിബിഐ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ 13 വർഷങ്ങൾക്കുശേഷം നൽകുന്ന അപ്പീൽ കോടതി 2018 നവംബർ 2ന് തള്ളി.

Read More- സംഘടനയില്ല, നേതാക്കളും; പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗാളിനെ ലക്ഷ്യമിട്ട ആര്‍എസ്എസിന് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാനായത് ഇങ്ങനെ

This post was last modified on May 16, 2019 3:56 pm