കാസര്‍കോട്ടെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയില്‍ ആത്മഹത്യക്ക് ശ്രമിച്ച അഖില്‍ യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് മാപ്പെഴുതി നല്‍കി. ഇന്നലെ നടന്ന സമവായ ചര്‍ച്ചയില്‍ ജില്ലാ കളക്ടറും, എസ്പിയും ആവശ്യപ്പെട്ട പ്രകാരമാണ് അഖില്‍ കത്ത് നല്‍കിയത്. അതേ സമയം അഖിലിന്റെ മാപ്പ് അപേക്ഷ സ്വീകരിച്ചതല്ലാതെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രതികരണത്തിനും യൂണിവേഴ്സിറ്റി അതികൃതര്‍ തയ്യാറായിട്ടില്ല. തന്റെ ഭാഗത്ത് നിന്നും യുനിവേഴ്‌സിറ്റി അധികാരികള്‍ക്കെതിരെ ഏതെങ്കിലും മോശം പ്രയോഗമുണ്ടായിരുന്നെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നെന്നാണ് അഖില്‍ താഴത്ത് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയത്.
അതിനിടെ വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളോട് സമരം നിര്‍ത്താന്‍ സര്‍വകലാശാല ആവശ്യപ്പെട്ടു. സര്‍വകലാശാല ഡിഎസ്ഡബ്ല്യൂ( ഡീന്‍ ഓഫ് സ്റ്റുഡന്റ്സ് വെല്‍ഫയര്‍) വിന്റെതാണ് നിര്‍ദേശം. എന്നാല്‍ അഖിലിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ വ്യക്തമായ ഉറപ്പുകള്‍ ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സംഘടനകളുടെ തീരുമാനം.
സര്‍വകലാശാലയ്‌ക്കെതിരെ എന്നാരോപിക്കപ്പെടുന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏതെങ്കിലും വിധത്തില്‍ തെറ്റിദ്ധാരണാജനകമായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദിക്കുന്നു എന്നു അഖില്‍ നേരത്തെ തന്നെ എഴുതി നല്‍കിയിരുന്നു. എന്നാല്‍ അത് മറച്ചു വെച്ചായിരുന്നെന്നും വിഷയത്തില്‍ യൂണിവേഴ്സിറ്റി ഇപ്പോള്‍ വീണ്ടും മാപ്പ് അപേക്ഷ വേണമെന്ന നിലപാട് മുന്നോട്ടുവച്ചത്.
കഴിഞ്ഞ ദിവസമാണ് സര്‍വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ടതില്‍ മനംനൊന്ത് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌കൂളിലെ രണ്ടാം വര്‍ഷ ബിരദാനന്ത ബിരുദ വിദ്യാര്‍ഥിയായ അഖില്‍ താഴത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സര്‍വ്വകലാശാലയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന കുറ്റം ചുമത്തി നേരത്തെ പുറത്താക്കിയിരുന്നു. ഇതിനു പിന്നില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അടക്കമുള്ളവരുടെ രാഷ്ട്രീയപരമായ പകയാണെന്ന് ശക്തമായ ആരോപണം നിലനില്‍ക്കെയായിരുന്നു വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരുടെ പേരുകള്‍ സഹിതം കുറിപ്പെഴുതി വെച്ചായിരുന്നു അഖിലിന്റെ ആത്മഹത്യാശ്രമം. സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാല വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തിറങ്ങുകയും ചെയതിരുന്നു. സമരം ശക്തമായതിനെ തുടര്‍ന്നാണ് ഇന്നലെ സമവായ ചര്‍ച്ചകള്‍ നടന്നത്.
This post was last modified on October 11, 2018 2:53 pm
Leave a Comment