X

‘പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഡാലോചന’ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്ത തെളിവുകളുടെ പേരിലാവരുത്: ജ. ചന്ദ്രചൂഢ്

ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്ത തെളിവുകളുടെ പേരിലാവരുത്.  ആരോപണങ്ങള്‍ സ്ഥാപിക്കാനാവശ്യമായ ശക്തമായ സാഹചര്യ തെളിവുകള്‍ ആവശ്യമാണ്.

ഭീമാ കൊറേഗാവ് സംഘര്‍ഷത്തിന്റെ പേരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് ആക്ടിവിസ്റ്റുകള്‍ക്കെതിരേ ചുമത്തിയ ഗൂഡാലോചനാ ആരോപണത്തില്‍ സംശയം പ്രകടിപ്പിച്ച് ജ. ഡി വൈ ചന്ദ്രചൂഢ്. ആക്ടിവിസ്റ്റുകളെ വീട്ടിതടങ്കലില്‍ പ്രവേശിപ്പിച്ച നടപടി ചോദ്യം ചെയത് ചരിത്രകാരിയായ റോമിലാ ഥാപ്പര്‍, സാമ്പത്തിക വിദഗ്ദന്‍ പ്രഭാത് പഠ്‌നായിക്ക് എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകവെയാണ് ചന്ദ്രചുഢിന്റെ നിരീക്ഷണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്ന ആരോപണം സംശയാസ്പദമാണ്. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്ത തെളിവുകളുടെ പേരിലാവരുത്.  ആരോപണങ്ങള്‍ സ്ഥാപിക്കാനാവശ്യമായ ശക്തമായ സാഹചര്യ തെളിവുകള്‍
ആവശ്യമാണെന്നും  ചന്ദ്രചൂഡ് ഹൗസ് അറസ്റ്റ് നീട്ടിക്കൊണ്ടുള്ള മുന്നംഗ ബഞ്ചിന്റെ ഉത്തരവില്‍ കൂട്ടിച്ചേര്‍ത്ത അദ്ദേഹത്തിന്റെ വിയോജനക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസ് നടപടി രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുടെ പേരിലുള്ളതെന്നും ചന്ദ്രചൂഢ് പറയുന്നു. പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനായി യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയും ദൃശ്യമാധ്യമങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തുകയുമാണ്. സര്‍ക്കാരിന് താല്‍പര്യമുള്ള മാധ്യമങ്ങള്‍ക്ക് പ്രത്യേകം ചില വിവരങ്ങള്‍ നല്‍കി പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ പൊലീസ് ശ്രമിച്ചു. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ വാര്‍ത്താസമ്മേളനം നടത്തിയതില്‍ പൊലീസിനെ വീണ്ടും ചന്ദ്രചൂഢ് വിമര്‍ശിച്ചു. സാങ്കേതികത്വങ്ങളുടെ പേരില്‍ അര്‍ഹമായ നീതി നിഷേധിക്കുന്നത് ശരിയല്ലെന്നും ചന്ദ്രചൂഡ് അദ്ദേഹം പറയുന്നു.

അതേസമയം ചന്ദ്രചൂഢിന്റെ വിയോജിപ്പോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് എസ്ഐടി അന്വേഷണമെന്ന ആവശ്യം തള്ളുകയും ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ നാലാഴ്ചയ്ക്ക് കൂടി നീട്ടുകയും ചെയ്യുകയുമായിരുന്നു. വരാവര റാവു, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ എന്നിവരെയാണ് ഭീമ കൊറിഗാവ് കലാപം ആസൂത്രണം ചെയ്‌തെന്നും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ആരോപിച്ച് ഓഗസ്റ്റ് 28ന് അറസ്റ്റ് ചെയ്തത്.

This post was last modified on September 28, 2018 5:28 pm