X

പ്രകൃതി ദുരന്തം: വീടു തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ചു

കുറഞ്ഞത് 15 ശതമാനം നാശമുണ്ടായ വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 4,800 രൂപ അടക്കം 10,000 രൂപ നല്‍കും.

പ്രകൃതി ദുരന്തങ്ങളില്‍ 75 ശതമാനവും അതിനുമേലേയും നാശമുണ്ടായ വീടുകളെ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളായി കണക്കാക്കാനും. ഇത്തരം വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള വിഹിതം ചേര്‍ത്ത് മൊത്തം 4 ലക്ഷം രൂപ ഓരോ വീടിനും അനുവദിക്കാനും മത്രിസഭ യോഗ തീരുമാനം. മലയോരപ്രദേശത്ത് 2,98,100 രൂപയും സമതലപ്രദേശത്ത് 3,04,900 രൂപയും ദുരന്തപ്രതികരണനിധിയില്‍ നിന്നുളള തുകയ്ക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാനാണ് അനുമത്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് മലയോരപ്രദേശങ്ങളില്‍ 1,01,900 രൂപയും സമതലപ്രദേശങ്ങളില്‍ 95,100 രൂപയുമാണ് ദുരന്തപ്രതികരണനിധിയില്‍ നിന്നും നല്‍കുന്നത്. പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ ഒഴികെ മറ്റുളളവയെ നാലു വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം നല്‍കുന്നത്. കുറഞ്ഞത് 15 ശതമാനം നാശമുണ്ടായ വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 4,800 രൂപ അടക്കം 10,000 രൂപ നല്‍കും.

16-29 ശതമാനം നഷ്ടം – മൊത്തം 60,000 രൂപ, 30-59 ശതമാനം നഷ്ടം – മൊത്തം 1,25,000, 60-74 ശതമാനം നഷ്ടം – മൊത്തം 2,50,000 എന്നിങ്ങനെയാണ് കണക്കുകള്‍. ഇതോടെ നഷ്ടപരിഹാര തുക പുതുക്കി നിശ്ചയിക്കുമ്പോള്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയില്‍ ആയിരം കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചെലവഴിക്കും. കേന്ദ്ര ദുരന്തപ്രതികരണനിധിയില്‍ നിന്ന് 450 കോടി രൂപ മാത്രമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കൂടുതല്‍ തുക അനുവദിക്കാന്‍ തീരുമാനിച്ചത്. മൊത്തം 2.43 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വന്തമായി വീട് നിര്‍മിക്കുന്നവര്‍ക്കാണ് നാലു ലക്ഷം രൂപ നല്‍കുന്നത്.
ഒരു കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് മാരകമായ അസുഖങ്ങള്‍ക്ക് ചികിത്സ വേണ്ടിവന്നാല്‍ ഓരോ അംഗത്തിനും പരമാവധി മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. 2018-19 സീസണില്‍ സംഭരിക്കുന്ന ഡബ്ല്യൂ.സി.ടി, കുറിയ ഇനം വിത്തു തേങ്ങയുടെ വില ഒന്നിന് 70 രൂപയായും സങ്കരയിനം വിത്തു തേങ്ങയുടെ വില 75 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം വിവിധ പരിപാടികളോടെ നവംബര്‍ 10 മുതല്‍ 12 വരെ എല്ലാ ജില്ലകളിലും ആഘോഷിക്കാന്‍ തീരുമാനിച്ചു. ചരിത്ര പ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ഡോക്യൂമെന്ററി പ്രദര്‍ശനം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സാംസ്‌കാരിക വകുപ്പും പുരാവസ്തു-പുരാരേഖാ വകുപ്പുകളും ചേര്‍ന്നാണ് പരിപാടികള്‍ നടത്തുക.

ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രന്‍ , കൊല്ലം – ജെ. മേഴ്‌സിക്കുട്ടിയമ്മ, പത്തനംതിട്ട – അഡ്വ. മാത്യു ടി തോമസ്, ആലപ്പുഴ – ജി. സുധാകരന്‍, പി. തിലോത്തമന്‍, ഡോ. ടി.എം. തോമസ് ഐസക്, കോട്ടയം – അഡ്വ. കെ. രാജു, ഇടുക്കി – എം.എം. മണി, എറണാകുളം – പ്രൊഫ. സി. രവീന്ദ്രനാഥ, തൃശ്ശൂര്‍ – എ.സി. മൊയ്തീന്‍, അഡ്വ. വി.എസ്. സുനില്‍കുമാര്‍, പാലക്കാട് – എ.കെ. ബാലന്‍, മലപ്പുറം – ഡോ. കെ.ടി. ജലീല്‍, കോഴിക്കോട് – ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, വയനാട് – രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ – ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ ടീച്ചര്‍, കാസറഗോഡ് – ഇ. ചന്ദ്രശേഖരന്‍.

This post was last modified on October 24, 2018 6:27 pm