X

ഹേമന്ത് കർക്കറെ, ബാബരി മസ്ജിദ് പരാമശങ്ങൾ ചട്ടലംഘനം; പ്രഗ്യാ സിങിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

നാളെ രാവിലെ ആറുമണി മുതൽ 72 മണിക്കൂർ സമയത്തേക്ക് രാജ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിൽക്കണനമെന്നാണ് മുന്നറിയിപ്പ്.

ബിജെപി സ്ഥാനാര്‍ത്ഥിയും 2008 ലെ മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാസിങ് ഠാക്കൂറിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമമാറ്റ ചട്ടം ലംഘിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതിനാണ് വിലക്ക്. നാളെ രാവിലെ ആറുമണി മുതൽ 72 മണിക്കൂർ സമയത്തേക്ക് രാജ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിൽക്കണനമെന്നാണ് മുന്നറിയിപ്പ്.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നുള്ള പരാമർശവും, ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനകളുടെ പേരിലുമാണ് നടപടി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്നും നടപടി സംബന്ധിച്ച് പുറത്തിറക്കിയ വാർത്താകുറിപ്പിൽ കമ്മീഷൻ  വ്യക്തമാക്കുന്നു.

കഴിഞ്ഞ 19ാം തിയ്യതിയായിരുന്നു മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കറെക്കെതിരെ പ്രഗ്യ സിംഗ് ഠാക്കൂര്‍ രംഗത്തെത്തിയത്. ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണ് എന്നായിരുന്നു 2008ലെ മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യ സിംഗ് ഠാക്കൂറിന്റെ പരാമർശം.  മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹേമന്ത് കാർക്കറെ തന്നോട് വളരെ മോശമായാണ് പെരുമാറിയത് എന്ന് പ്രഗ്യ സിംഗ് ഠാക്കൂര്‍ പറയുന്നു. സ്വന്തം കര്‍മ്മഫലമായാണ് ഹേമന്ത് കര്‍ക്കറെ മരിച്ചത്. എന്നെ ഹേമന്ത് കര്‍ക്കറെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. എന്നോട് വളരെ മോശമായാണ് പെരുമാറിയത്. കര്‍ക്കറെയുടെ കുടുംബം നശിച്ചുപോകുമെന്ന് ഞാന്‍ ശപിച്ചിരുന്നെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 2008ലെ മുംബയ് ഭീകരാക്രമണത്തിനിടെയാണ് ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത്.

ഇതിന് പുറമെയായിരുന്നു ബാബരി ബാബരി മസ്ജിദ് തകർത്ത സംഭവത്തിലെ പരാമർശം. മസ്ജിദ് തകർത്തതിന് തനെന്തിന് പശ്ചാത്തപിക്കണമെന്നും വാസ്തവത്തിൽ ഞങ്ങൾ അതിൽ അഭിമാനിക്കുകയാണെന്നും വാർത്താ ചാനലായ ആജ് തക്കുമായി നടത്തിയ അഭിമുഖത്തിൽ പ്രഗ്യ സിംഗ് പറഞ്ഞിരുന്നു. “രാമ ക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങൾ കിടപ്പുണ്ടായിരുന്നു. ഞങ്ങൾ അത് നീക്കം ചെയ്തു. അയോധ്യയിൽ വലിയ രാമ ക്ഷേത്രം പണിയും. നമ്മുടെ ക്ഷേത്രങ്ങളൊന്നും സുരക്ഷിതമല്ല. ഇന്ത്യയിൽ അല്ലാതെ പിന്നെവിടെയാണ് രാമ ക്ഷേത്രം പണിയുക എന്ന് പ്രസ്താവനയെ ന്യായീകരിച്ചും പ്രഗ്യ സിംഗ് പറഞ്ഞിരുന്നു.

 

 

This post was last modified on May 1, 2019 9:12 pm