X

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു നടത്തി വന്നിരുന്ന നിരാഹാര സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ  വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനം നാളെ തടഞ്ഞുകൊണ്ടുള്ള സമരത്തിനാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്.

സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസും സമരക്കാരും തമ്മിൽ കനത്ത സംഘ‍ർഷമാണ് നടന്നത്. പോലീസ് അക്രമം നടത്തുകയായിരുന്നെന്നും സമരപ്പന്തലിലേക്ക് ഗ്രനേഡ് പ്രയോഗിച്ചെന്നും കെഎസ് യു ആരോപിച്ചു. അതിനിടെ സംഘർഷത്തിനിടെ നിരാഹാരമിരുന്നിരുന്ന കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച 12 മണിയോടെയായിരുന്നു കെഎസ്‍യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധത്തെത്തുടർന്ന് സെക്രട്ടേറിയറ്റും പരിസരവും അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. സമരക്കാർക്ക് നേരെ പൊലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിഞ്ഞു.