X

ഇവിഎം ഹാക്കിങ്ങ്: തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി; ഷൂജയുടെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ഹാക്കത്തോൺ സംഘാടകർ

സയീദ് ഷൂജ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നെന്ന അവകാശവാദം തള്ളി കമ്പനി അധികൃതർ തള്ളി.

2014 പൊതു തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിലെ തുടർന്നുള്ള വിവാദം പുതിയ തലത്തിലേക്ക്. വോട്ടിങ്ങ് മെഷീനുകൾ ഹാക്ക് ചെയ്തെന്ന വാദം തെറ്റിദ്ധരിപ്പിക്കാനുള്ള കുറ്റകരമായ ഗുഡാലോചനയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി. ഈ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കാട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ദില്ലി പൊലീസിന് പരാതി നൽകിയത്. വെളിപ്പെടുത്തൽ കോൺഗ്രസ് പദ്ധതിയാണെന്ന് ആരോപണവുമായി സിബലിന്‍റെ പങ്കാളിത്തം ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വഴിവച്ചു.

അതിനിടെ, ഹാക്കിങ്ങ് നടത്തിയ ‘സൈബര്‍ വിദഗ്ധൻ’ സയീദ് ഷൂജ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നെന്ന അവകാശവാദം തള്ളി കമ്പനി അധികൃതർ തള്ളി. സ്ഥാപനത്തിൽ ഇതേ പേരുള്ള ഒരു ജീവനക്കാരൻ ജോലി ചെയ്തിട്ടില്ലെന്നാണു കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ നിലപാട്. 80 ശതമാനം എൻജിനീയർമാരുൾപ്പെട്ട 2,200 ജോലിക്കാരാണ് ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയിലുള്ളത്. വോട്ടിങ് യന്ത്ര നിർമാണത്തിൽ പങ്കാളിയായി പിന്നീട് യുഎസിലേക്കു താമസം മാറിയ ഒരു എൻജിനീയർ ഇല്ലെന്നും സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി ‘ദി വീക്ക്’ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. 2009_2014 കാലത്ത് ഷൂജ സ്ഥാപനത്തിന്റെ ഭാഗമായിരുന്നെന്ന റിപ്പോർട്ടുകൾ ശരിയല്ല. ഇക്കാക്കാലയളവിൽ താൽക്കാലിക ജീവനക്കാരനായിപ്പോലും ഇയാൾ സ്ഥാപനത്തിന്റെ ഭാഗമായിരുന്നില്ലെന്നും കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് പത്രക്കുറിപ്പ് പറയുന്നു.

അതേസമയം, ലണ്ടനിൽ ഫോറിൻ പ്രസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സ്പീക്കർ സയ്യിദ് ഷുജ നടത്തിയ അവകാശവാദങ്ങൾ അസോസിയേഷൻ അംഗീകരിക്കുന്നില്ലെന്ന് ഹാക്കത്തോൺ സംഘാടകർ വ്യക്തമാക്കി. മുഖംമൂടിച്ചെത്തിയ ഹാക്കറുടെ ആരോപണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും സംഘാടകർ പറയുന്നു. ആരോപണം തെളിയിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും ഹാക്കർ നൽകിയിട്ടില്ല. ഇയാളുടെ അവകാശ വാദങ്ങൾ ശരിയാണെന്ന് പുർണമായും കരുതാനാവില്ല. വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് സംഘാടകരുടെ നിലപാട്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലായിരുന്നു പ്രതികരണം.

This post was last modified on January 23, 2019 10:11 am