കർദിനാൾ ജോർജ് ആലഞ്ചേരി രഹസ്യ അക്കൗണ്ടലൂടെ വൻതുക കൈമാറ്റം ചെയ്തതായി വ്യാജ രേഖകൾ ചമച്ചെന്ന കേസിൽ എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെ മൊഴിയെടുത്തു. ബിഷപ്പ് ഹൗസിൽ എത്തിയാണ് വ്യാജരേഖാ കേസിലെ രണ്ടാം പ്രതിയായ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖകൾ ചമച്ച് അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സീറോ മലബാർ ചർച്ച് ഇൻറർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോബി മാപ്രക്കാവിൽ നൽകിയ പരാതിയിലാണ് നടപടി. നേരത്തെ കേസിൽ ഫാ. പോൾ തേലക്കാട്ട്, ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നിവർക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി തള്ളിയായിരുന്നു കോടതി നിർദേശം. എന്നാൽ അന്വേഷണത്തിന് പേരിൽ ഇരുവരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന നിർദ്ദേശവും കോടതി നൽകിയിരുന്നു.
അതേസമയം, വ്യാജരേഖ നിർമ്മാണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഇല്ലെന്നും ഫാദർ പോൾ തേലക്കാട്ട് പരിശോധനക്കായി നൽകിയ രേഖ സിനഡിന് മുൻപാകെ ഹാജരാക്കുക മാത്രമാണ് ചെയ്തതെന്നും ബിഷപ്പ് മൊഴി നൽകിയതായാണ് സൂചനയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണ സംഘം ഡിവൈഎസ്പി പിയുടെ നേതൃത്വത്തിൽ ആയിരുന്നു മൊഴിയെടുപ്പ്. കേസിൽ പോൾ തേലക്കാട്ട് അടക്കമുള്ളവരുടെ മൊഴി കഴിഞ്ഞ ദിവസം അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
വ്യാജരേഖ ചമച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഫാ. ജോബി മാപ്രക്കാവിൽ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ ഇരുവർക്കുമെതിരെ ഫെബ്രുവരി 25നാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. വ്യാജ രേഖ ചമച്ചത് തങ്ങളാണെന്ന് പരാതിയിൽ ആരോപണമില്ലെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്താതെ തങ്ങളെ പ്രതി ചേർത്തത് അനുചിതമാണെന്നും ചൂട്ടിക്കാട്ടിയിരുന്നു ഇതിന് പിറകെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജിയിലെ വാദം.
This post was last modified on May 9, 2019 8:46 am
Leave a Comment