X

ഹർത്താൽ നാശനഷ്ടങ്ങൾ; സൗജന്യ നിയമസഹായം ഒരുക്കി ലീഗൽ സർവീസസ് അതോറിറ്റി

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഹർത്താൽ മൂലം നഷ്ടം സംഭവിച്ചവർക്ക് ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും അത് ഈടാക്കിക്കിട്ടാനാണ് സൗജന്യ നിയമ സഹായം

ഹർത്താൽ മൂലം നഷ്ടം സംഭവിച്ചവരെ സഹായിക്കാൻ എറണാകുളം ലീഗൽ സർവീസസ് അതോറിറ്റി. എറണാകുളം ജില്ലയിലെ ഏഴ് താലൂക്ക് കേന്ദ്രങ്ങളിൽ കോടതികളോട് ചേർന്ന് പ്രവർത്തിക്കുന്ന അതോറിറ്റിയുടെ ഓഫീസിൽ നിന്നും നിയമ സഹായം ലഭിക്കുന്നതാണ്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഹർത്താൽ മൂലം നഷ്ടം സംഭവിച്ചവർക്ക് ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും അത് ഈടാക്കിക്കിട്ടാനാണ് സൗജന്യ നിയമ സഹായം നൽകുന്നത്. അപ്രകാരം ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും നഷ്ടം ഈടാക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധികളുണ്ട്. സാധാരണക്കാരായ കച്ചവടക്കാർക്കും മറ്റുമാണ് ഈ ആനുകൂല്യം ലഭിക്കുക. മൂന്നുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് സിവിൽ കോടതിയിൽ കേസ് നടത്താൻ സൗജന്യമായി അഭിഭാഷകരെ ചുമതലപ്പെടുത്തും. എന്നാൽ സ്ത്രീകൾക്ക് വരുമാന പരിധി ബാധകമല്ല. ഉയർന്ന വരുമാനമുള്ളവർക്ക് സ്വന്തം നിലയിൽ സിവിൽ കോടതികളെ സമീപിക്കാവുന്നതാണ്.

ഹർത്താൽ മൂലം കടകമ്പോളങ്ങൾ അടച്ചിടുക മൂലം ക്രിമിനൽ സ്വഭാവമുള്ള പരാതികൾ പോലീസ് സ്വീകരിക്കാറില്ല. കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് സർക്കാർ നൽകുന്ന പോലീസ് സംരക്ഷണം പര്യാപ്തമല്ല. സിവിൽ സ്വഭാവമുള്ള കേസ്സുകളായതിനാൽ വിചാരണ ദിവസം മാത്രം കോടതിയിൽ വാദി ഹാജരായാൽ മതി. അതുവരെ ലീഗൽ സർവീസസ് അതോറിറ്റിയുടെ പാനൽ ലോയേഴ്സ് കേസ്സുകൾക്ക് ഹാജരാകും. നിയമ സഹായം ആവശ്യമുള്ളവർ അതാത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയെ സമീപിക്കേണ്ടതാണ്. അർഹതയുള്ളവർ കഴിഞ്ഞ മൂന്നു വർഷത്തെ വരുമാന നഷ്ടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.

Related Post
Leave a Comment