X

താന്‍ കല്‍ക്കി അവതാരം, തപസിലായതിനാല്‍ ഓഫിസിലെത്താന്‍ കഴിഞ്ഞില്ല; ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

ലോകത്ത് ധര്‍മം പുനസ്ഥാപിക്കാനെത്തിയ തനിക്ക് ഒാഫിസിലെത്തേണ്ട ആവശ്യമില്ലെന്നും രമേഷ്ചന്ദ്ര ഫെഫാര്‍ അവകാശപ്പെടുന്നു.

ഹിന്ദുമത വിശ്വാസ പ്രകാരമുള്ള വിഷ്ണുവിന്റെ അവസാന അവതാരമായ കല്‍കി താനാണെന്ന അവകാശ വാദവുമായി ഗുജറാത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. സര്‍ദാര്‍ സരോവര്‍ പുനരുദ്ധീകരണ ഏജന്‍സിയില്‍ സൂപ്രണ്ടിങ്ങ് എഞ്ചിനീയറായ രമേഷ്ചന്ദ്ര ഫെഫാറാണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്. ലോകത്ത് ധര്‍മം പുനസ്ഥാപിക്കാനെത്തിയ തനിക്ക് ഒാഫിസിലെത്തേണ്ട ആവശ്യമില്ലെന്നും ഫെഫാര്‍ അവകാശപ്പെടുന്നു. തുടര്‍ച്ചയായി ജോലിക്കെത്താതിനെ തുടര്‍ന്ന് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായാണ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു വിശദീകരണം നല്‍കിയത്. വരും ദിവസങ്ങളില്‍ തന്റെ ദൈവീക ശക്തി തെളിയിക്കാനാവുമെന്നും എഞ്ചിനീയര്‍ സൂപ്രണ്ട് പറഞ്ഞു.

തന്റെ തപസ്സില്‍ മുഴുകിയ ദിനങ്ങളായതിനാല്‍ ജോലിക്ക് ഹാജരാവാന്‍ സാധിക്കില്ലെന്നും മൂന്നു ദിവസങ്ങള്‍ക്ക്ക് മുന്‍പ് നല്‍കിയ മറുപടിയില്‍ 50 കാരനായ ഫെഫാര്‍ വ്യക്തമാക്കുന്നു. രമേഷ്ചന്ദ്ര ഫെഫാറുടെ മറുപടി ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

2010 മാര്‍ച്ചില്‍ ഓഫിസിലിരിക്കെയാണ് താന്‍ അവതാരമാണെന്ന തിരിച്ചറിവുണ്ടാവുന്നത്. തനിക്ക ദൈവീക ശക്തികളുണ്ടെന്നും, തന്റെ തപസ്സിന്റെ ഫലമായാണ് കഴിഞ്ഞ 16 ദിവസമായി ഇന്ത്യയില്‍ കനത്ത മഴ ലഭിച്ചതെന്നും ഫെഫാര്‍ കഴിഞ്ഞ ദിവസം രാജ്‌കോട്ടിലുള്ള തന്റെ വീട്ടില്‍ വച്ച് മാധ്യമങ്ങള്‍ പ്രതികരിച്ചു. കഴിഞ്ഞ ഏട്ടുമാസത്തിനിടെ 16 ദിവസം മാത്രമാണ് രമേഷ്ചന്ദ്ര ഫെഫാര്‍ വഡോദരയിലെ തന്റെ ഓഫിസില്‍ ഹാജരായത്.

അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.

This post was last modified on May 19, 2018 12:52 pm