X

ചന്ദ കൊച്ചാറിനെതിരെ ആന്വേഷണത്തിന് ഐസിഐസിഐ ഭരണ സമിതി നിര്‍ദേശം

സിഇഒ എന്ന നിലയില്‍ ചന്ദ കൊച്ചാറിന്റെ ഇടപെടലുകള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ പുതിയ പരാതിയും അന്വേഷണത്തിന് ഉത്തരവിടാന്‍ കാരണമായെന്നാണ് റിപോര്‍ട്ട്.

വീഡിയോകോണ്‍ ഗ്രൂപ്പിന് വഴിവിട്ട സഹായം നല്‍കിയെന്ന ആരോപണത്തില്‍ ഐസിഐസിഐ സിഇഒ ചന്ദ കൊച്ചാറിനെതിരെ അന്വേഷണം നടത്താന്‍ ഭരണ സമിതിയുടെ നിര്‍ദേശം. വഴിവിട്ട ഇടപെടലിലൂടെ വീഡിയോകോണിന് 3250 കോടി വായ്പ നല്‍കിയെന്ന ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താനാണ് ഭരണ സമിതി തീരുമാനിച്ചിട്ടുള്ളത്. ബാങ്ക് സിഇഒ എന്ന നിലയില്‍ ചന്ദ കൊച്ചാറിന്റെ ഇടപെടലുകള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ പുതിയ പരാതിയും അന്വേഷണത്തിന് ഉത്തരവിടാന്‍ കാരണമായെന്നാണ് റിപോര്‍ട്ട്.

സ്വതന്ത്രനും വിശ്വസ്ഥനുമായ ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് ബാങ്കിന്റെ ഓഡിറ്റിങ്ങ് കമ്മിറ്റിയുടെ മേല്‍നോട്ടം വഹിക്കും. ബാങ്കിന്റെ വാര്‍ഷിക അവധിക്കാലത്ത് അന്വേഷണം പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദേശം. നിലവിലുള്ള ഏല്ലാ വിഷയങ്ങളും സ്വതന്ത്ര അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കൊച്ചാറിനെതിരെ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ക്ക് പുറമെയാണ് ഇപ്പോള്‍ സ്വതന്ത്ര അന്വേഷണം നടക്കുന്നത്.

കൊച്ചാറിന്റെ ഇടപെടലിലൂടെ വീഡിയോ കോണിന് അനുവദിച്ച വായ്പ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ മേധാവിയായ ന്യൂപവര്‍ റിന്യൂവബിള്‍ എന്ന കമ്പനിക്ക് കൈമാറിയെന്നാണ് ആരോപണം. ഇടപാടുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാറിന് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി ) കഴിഞ്ഞ ആഴ്ച നോട്ടീസ് അയച്ചിരുന്നു.

This post was last modified on May 31, 2018 12:44 pm