X

ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ്, വ്യോമമേഖലയില്‍ ജാഗ്രതാ നിര്‍ദേശം; ഇന്ത്യക്കും പാകിസ്താനും ഇടയിൽ ഇന്ന് നടന്ന 6 കാര്യങ്ങള്‍

പല മേഖലകളിലും കരാർ ലംഘിച്ചുള്ള വെടിവയ്പ്പും തുടർന്നിരുന്നു.

പുൽവാമ ഭികരാക്രമണത്തിന് ശേഷം കൂടുതല്‍ വഷളായ ഇന്ത്യ പാക് ബന്ധവും അതിർത്തിയിലെ സംഘർങ്ങളും ഇന്നു സജീവമായി നിലനിൽക്കുകയാണ്. ഇന്നലെ രണ്ട് ദിവസം നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവിൽ പാക്കിസ്താനിൽ അറസ്റ്റിലായ ഇന്ത്യൻ വ്യോമസേന വിങ് കമാണ്ടർ അഭിനന്ദന്‍ വര്‍ത്തമാന്‍ തിരിച്ചെത്തിയതായിരുന്നു ഇതിനിടയിലെ ആശ്വാസകരമായ ഏക വാർത്ത. അഭിനന്ദൻ തിരിച്ചെത്തുകയും വൈദ്യ പരിശോധന ഉൾ‌പ്പെടെയുള്ള മറ്റ് നടപടികൾ പുരോഗമിക്കുകയും ചെയ്യുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായി തന്നെ തുടരുകയാണ്.

കഴിഞ്ഞ മണിക്കൂറുകളില്‍ കശ്മീരിലെ ഇന്ത്യ- പാക് അതിർത്തിയിൽ പാകിസ്താൻ നടത്തിയ മോർട്ടാർ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ മുന്നു പേർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്ത് വന്നത്. 24 കാരിയായ മാതാവും രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഇതിന് പിറകെ പല മേഖലകളിലും കരാർ ലംഘിച്ചുള്ള വെടിവയ്പ്പും തുടർന്നിരുന്നു. ഇന്ത്യക്കും പാക്കിസ്താനും ഇടയിൽ ഇന്ന് നടന്ന പ്രധാന സംഭവങ്ങള്‍.

1. ജമ്മു കാശ്മീര്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ പാകിസ്താന്‍ സൈന്യത്തിന്റെ കനത്ത ഷെല്ലിംഗില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 24കാരിയായ റുബാന കോസര്‍, മക്കളായ ഫസാന്‍ (അഞ്ച് വയസ്), ഷബ്‌നം (ഒമ്പത് മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നിരവധി പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ സലോത്രി മേഖലയിലാണ് പ്രധാനമായും പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘന ആക്രമണം.

2. തീവ്രവാദത്തിനെതിരെ പാകിസ്താൻ ശക്തമായ നടപടിയെടുക്കും വരെ ചർച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദമോദിയുമായി പുൽവാമ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചയാവാമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിലപാടാണ് ഇന്ത്യ തള്ളിയത്. അതിർത്തിയിലെ നടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

3. ഇന്ത്യക്കെതിരെ വ്യോമാക്രമണം നടത്തിയതിന് പാകിസ്താനോട് വിശദീകരണം തേടി യുഎസ്. അമേരിക്കന്‍ നിര്‍മിത എഫ്.16 വിമാനം ഇന്ത്യക്കെതിരേ ദുരുപയോഗം ചെയ്തതിനെ ചോദ്യം ചെയ്താണ് നടപടി. പാകിസ്താനുമായുള്ള കരാര്‍ പ്രകാരം എഫ്.16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചത് ചട്ടലംഘനമാണെന്നും യുഎസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

4. മലക്കം മറിഞ്ഞ് പാകിസ്താൻ. 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന വാദവുമായി പാകിസ്താന്‍ രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഇതുവരെ ഏറ്റെടുത്തിട്ടില്ല. സംഘടനയ്ക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന കാര്യത്തിൽ പാകിസ്താന് ഉറപ്പില്ലെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ്‌ ഖുറേഷി ബിബിസിക്ക് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

5. ഭീകരാക്രമണസാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ് വ്യോമമേഖലയില്‍ ജാഗ്രതാനിര്‍ദേശം. വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സുരക്ഷ വര്‍ധിപ്പിക്കാൻ നിർദേശംനല്‍കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടേതാണ് മുന്നറിയിപ്പ്. 20 ഇന സുരക്ഷാമാര്‍ഗരേഖ നിർദേശിച്ചു.

6. ഇന്ത്യ- പാക് സംഘത്തിന് പിറകെ പാകിസ്താന്‍ റദ്ദാക്കിയ സംഝോത എക്‌സപ്രസ് ട്രെയിന്‍ സര്‍വീസ്‌ ഞായറാഴ്ച്ച മുതല്‍ ഓടിത്തുടങ്ങും. ഇന്ത്യന്‍ റയില്‍വെയാണ് ഇക്കാര്യം അറിയിച്ചത്.

This post was last modified on March 3, 2019 12:52 am