X

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി, കല്ലടയുടെ പേരില്‍ സര്‍ക്കാര്‍ മനപൂര്‍വം ദ്രോഹിക്കുന്നതായി ആരോപണം

ബസുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസുടമകളുടെ വരവ്.

കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച സംഭവങ്ങളുടെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുന്നു എന്ന് ആരോപിച്ച് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. നാനൂറോളം ബസുകളാണ് ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്. ബസുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസുടമകളുടെ വരവ്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരിലുള്ള പരിശോധന അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇതിനിടെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ നാല് പേജുളള ഇടക്കാല റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. അന്തര്‍സംസ്ഥാന യാത്രക്കാരുടെ പേരില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി തലയൂരാനുളള ബസുടമകളുടെ തന്ത്രമാണ് അനിശ്ചിതകാല സമരം എന്ന ആരോപണമുണ്ട്. അതേസമയം നിലവില്‍ 450ലധികം കെഎസ്ആര്‍ടിസി ബസുകള്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ഇതര സംസ്ഥാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന വിലയിരുത്തലുണ്ട്.

ഉത്സവ സീസണുകളിലടക്കം തിരക്കുളള സമയത്ത് സാധാരണ നിരക്കിനേക്കാള്‍ 12 ശതമാനത്തിലധികം നിരക്ക് വാങ്ങാന്‍ ബസ ഉടമകളെ അനുവദിക്കരുതെന്നാണ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും ചൂഷണവും അവസാനിപ്പിക്കാന്‍ സമഗ്രമായ റിപ്പോര്‍ട്ടും തയ്യാറാക്കുമെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍ അറിയിച്ചു.

This post was last modified on June 24, 2019 10:00 am