X

നാലുവർഷത്തിനിടെ 739 ദിവസം അവധി, ഒതുക്കിയെന്ന് തോന്നിയപ്പോൾ ലീവെടുത്തെന്ന് രാജു നാരായണ സ്വാമി

ഒരു ഉദ്യോഗസ്ഥന്റെ ഐ.എ.എസ്. വ്യാജമെന്നു പറഞ്ഞതിന്റെ പേരിലാണ് തന്നെ മാറ്റിയത്. ആ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.

വെറുതേയിരുന്ന് ശമ്പളം മാത്രം വാങ്ങുന്ന തസ്തികയിലേക്കു മാറ്റിയതുകൊണ്ടാണ് അവധിയെടുത്തതെന്ന് മുതിർന്ന ഐ.എ.എസ്. ഓഫീസർ രാജു നാരായണ സ്വാമി. സംസ്ഥാന കൃഷിവകുപ്പിൽ മെച്ചപ്പെട്ട രീതിയിൽ ജോലിചെയ്തിരുന്ന തന്നെ അവിടെനിന്ന് ഒഴിവാക്കുകയായിരുന്നു.  നാലുവർഷത്തിനിടെ 739 ദിവസം അവധിയെടുത്തെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കണ്ടത്തെയതിന് പിന്നാലെയായിരുന്നു രാജു നാരായണ സ്വാമിയുടെ പ്രതികരണം.

കാർഷികോത്പാദന കമ്മിഷണറായി മികച്ച സേവനമാണ് ഞാൻ കാഴ്ചവെച്ചതെന്നും അതിനാലാണ് എനിക്ക് കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ നല്ലമാർക്ക് നൽകിയതെന്നും കൃഷിമന്ത്രി സുനിൽകുമാർതന്നെ പറഞ്ഞിട്ടുണ്ടെന്നും സ്വാമി മാതൃഭൂമിയോട് പ്രതികരിച്ചു.

മൂന്നാർ ദൗത്യത്തിന് ശേഷം തന്നെ ഒതുക്കിയെന്ന ആരോപണം അവർത്തിച്ച അദ്ദേഹം തന്നെക്കാൾ കൂടുതൽ അവധിയെടുത്ത് മാറിനിന്നവർക്കെതിരേ ഇവരെന്തുകൊണ്ട് പിരിച്ചുവിടൽ ശുപാർശയെന്ന വാളോങ്ങിയില്ലെന്നും ചോദിക്കുന്നു. വീണ്ടും ഒതുക്കലിനു തയ്യാറല്ലാത്തതുകൊണ്ടാണ് അവധിയെടുത്തതെന്നും സ്വാമി പറയുന്നു. പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയുള്ള തനിക്ക് കൃഷിവകുപ്പിൽനിന്നു മാറ്റിയതിന് പിന്നാലെ ലഭിച്ചത് വെറും ഔദ്യോഗിക ഭാഷാവകുപ്പായിരുന്നു. അതൊരു തരംതാഴ്ത്തലായി തോന്നി. ആ വേദനകൊണ്ടാണ് അവധിയെടുത്ത് മാറിനിൽക്കാൻ തീരുമാനിച്ചത്.

പിന്നാലെ കേന്ദ്രത്തിൽ ഡെപ്യൂട്ടേഷന് ശ്രമിച്ചു. അങ്ങനെയാണ് നാളികേര വികസന കോർപ്പറേഷനിൽ ചെയർമാനായി ചുമതലയേൽക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരു ഉദ്യോഗസ്ഥന്റെ ഐ.എ.എസ്. വ്യാജമെന്നു പറഞ്ഞതിന്റെ പേരിലാണ് തന്നെ അവിടെനിന്നു മാറ്റിയത്. ആ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. അതുസംബന്ധിച്ച കേസ് ഇപ്പോഴും കോടതിയിലാണ്. എന്നാൽ തന്റെ വാർഷിക രഹസ്യ റിപ്പോർട്ടുകളിലെ വിലയിരുത്തൽ മികച്ചതല്ലെന്നാണ് സമിതി പറയുന്നത്. അങ്ങനെയെങ്കിൽ 2016 ജനുവരി ഒന്നിനാണ് പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. വാർഷിക രഹസ്യ റിപ്പോർട്ടുകൾ പരിശോധിക്കാതെ സ്ഥാനക്കയറ്റത്തിനു പ്രൊമോഷൻ കമ്മിറ്റി ശുപാർശ ചെയ്യില്ലല്ലോ എന്നും അദ്ദേഹം പറയുന്നു.

ബിനോയിക്കെതിരായ കേസിൽ കോടിയേരി ബാലകൃഷ്ണന്റെ വാദം പൊളിയുന്നു, നിർണായക വെളിപ്പെടുത്തലുമായി അഭിഭാഷകൻ

 

 

This post was last modified on June 24, 2019 9:52 am