X

‘ചുറ്റികകൊണ്ട് പൂട്ട് പൊളിച്ച് രാജൻ ബാബു വിഭാഗം ഗൗരിയമ്മയുടെ വീട്ടിൽ കടന്നു’

13ന് രാവിലെ 10നാണ് ജെഎസ്എസ് ലയന പ്രഖ്യാപന സമ്മേളനം.

ജെഎസ്എസ് ലയനം പ്രഖ്യാപിക്കാനായി വിമത ജെഎസ്എസ് നേതാക്കളായ എ.എൻ. രാജൻബാബു അടക്കമുള്ളവർ വീട്ടിലെത്തിയപ്പോൾ ജനറൽ സെക്രട്ടറി കെ.ആർ.ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിന്റെ ഗേറ്റ് അടഞ്ഞു കിടന്നു. ഗേറ്റ് താഴിട്ട് പൂട്ടിയിരിക്കുകയായിരുന്നു.  തിങ്കളാഴ്ച വൈകീട്ട് നാലരയ്‌ക്കായിരുന്നു ജെ.എസ്.എസ്. ജനറൽ സെക്രട്ടറി കെ. ആർ.ഗൗരിയമ്മ ചാത്തനാട്ടെ വീട്ടിൽ പത്രസമ്മേളനം വിളിച്ചത്. വിഷയം ജെഎസ്എസ് ലയനം. എന്നാൽ നേതാക്കൾക്കും മാധ്യമങ്ങൾക്കും മുന്നിൽ ഗേറ്റ് അടഞ്ഞു കിടന്നു. വീടിന് മുന്നിലെ പതിവില്ലാത്ത ജനക്കൂട്ടത്തെ കണ്ട് പ്രദേശവാസികളും സ്ഥലത്തെത്തി. ഏറെ കാത്തു നിന്നിട്ടും വീടിന്റെ വാതിലോ ഗേറ്റോ തുറന്നില്ല. ഇതിനിടെ ഗൗരിയമ്മക്ക് നീരസമാണെന്ന് അഭ്യൂഹവും പുറത്തുവന്നു.

തൊട്ട് പിറകെ ഗൗരിയമ്മയുടെ ഗൺമാൻ പുറത്തെത്തി അറിയിച്ചു യഥാർത്ഥ കാരണം അറിയിച്ചു, ഗേറ്റിന്റെ താക്കോൽ കാണുന്നില്ല. അതാണ് പ്രശ്നം. ഇന്നലെ ഉച്ചയ്ക്ക് പടക്കക്കട ആരംഭിക്കുന്നതിന് ലൈൻസൻസിന് ശുപാർശ തേടിയെത്തിയ വ്യക്തിയെ ഇറക്കിവിട്ട് ഗേറ്റ് പൂട്ടിച്ചതായിരുന്നു ഗൗരിയമ്മ. ഗേറ്റ് പൂട്ടി താക്കോൽ തരാൻ ഗൺമാനോടായിരുന്നു നേതാവ് ആവശ്യം ഉന്നയിച്ചത്. ഇതിന് പിറകെയാണ് താക്കോൽ നഷ്ടമായത്.

വീടാകെ താക്കോലിന് വേണ്ടി കൊണ്ട് പിടിച്ച അന്വേഷണം. പക്ഷേ നേതാക്കളുടെ കാത്തുനിൽപ്പ് നീണ്ടു. മതിലുചാടാൻ പറ്റില്ലല്ലോ. പൂട്ട് തല്ലിപ്പൊട്ടിക്കാമെന്ന് പൊതുധാരണ. ചുറ്റികയ്ക്കായി സമീപവീടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.   ഒടുവിൽ ജെ.എസ്.എസ്. ആലപ്പുഴ ജില്ലാ സെക്രട്ടറി സി.എൻ.അനിൽകുമാർ ചുറ്റികയുമായി എത്തി.

അപ്പോഴും സംശയം, ചുറ്റിക കൊണ്ട് പൂട്ട് തകർത്താൽ ഗൗരിയമ്മ കോപിക്കുമോ എന്നായിരുന്നു ആശങ്ക. ഒടുവിൽ ഗൗരിയമ്മതന്നെ പുറത്തെത്തി പൂട്ട് തല്ലിപ്പൊളിക്കാൻ നിർദേശം നൽകി. ഗേറ്റിനു വെളിയിൽ തിരക്കു കൂട്ടിയവരോട് മാറിനിൽക്കെടാ എന്ന സ്നേഹപൂർവമുള്ള ശാസനയും. പൂട്ടുപൊളിച്ചു. രാജൻബാബു വിഭാഗം വീട്ടിലേക്ക് പ്രവേശിച്ചു, ചർച്ച. പത്രസമ്മേളനം. രാജൻ ബാബു ലയന സമ്മേളനം പ്രഖ്യാപിച്ചു. 13-ന് രാവിലെ 10-ന് ഐശ്വര്യ ഓഡിറ്റോറിയത്തിൽ ജെഎസ്എസ് ലയന പ്രഖ്യാപന സമ്മേളനം. സമ്മേളനം കെആർ ഗൗരിയമ്മ ഉദ്ഘാടനം ചെയ്യും.

 

This post was last modified on April 9, 2019 12:53 pm