X

സാങ്കേതികതകള്‍ക്ക് മുന്നില്‍ അവകാശങ്ങള്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല; ആധാര്‍ ഭരണഘടനാ വിരുദ്ധമെന്ന് ജ. ചന്ദ്രചൂഢ്

ആധാറിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ കഴിയില്ല, ആധാര്‍ മണി ബില്ല് ആയി തീരുമാനിക്കാനുള്ള സ്പീക്കറുടെ സ്വാതന്ത്ര്യം കോടതിക്ക് പുനപരിശോധിക്കാം.

ആധാര്‍ മണിബില്ലാക്കി നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ സൂപ്രധാന നിരീക്ഷണം. ആധാര്‍ സ്വാതന്ത്ര്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഒന്നാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ആധാര്‍ ഉപകാരമാവുമ്പോള്‍ തന്നെ ഇത് മണിബില്ലാക്കി നിയമ വിധേയമാക്കിയ നടപടി തീര്‍ത്തും തെറ്റായ നടപടിയാണെന്നും ജ. ഡി വൈ ചന്ദ്രചൂഡ് തന്റെ വിധിയില്‍ വ്യക്തമാക്കുന്നു. അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മുന്നു ജഡ്ജിമാരുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി ജസ്റ്റിസ് സിക്രി പുറപ്പെടുവിച്ച വിധിക്ക് പിറകെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നടത്തിയ പ്രത്യേക വിധി പ്രസ്താവത്തിലാണ് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചത്.

ആധാറിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ കഴിയില്ല, ആധാര്‍ മണി ബില്ല് ആയി തീരുമാനിക്കാനുള്ള സ്പീക്കറുടെ സ്വാതന്ത്ര്യം കോടതിക്ക് പുനപരിശോധിക്കാം. രാജ്യത്തെ ഭരണഘടന പ്രകാരം ഒരു ഭരണ ഘടനാ പദവിക്കും പൂര്‍ണമായ അധികാരം നല്‍കുന്നില്ല. അധികാരവും ആശയങ്ങളും നിയമ ഭേദഗതിക്ക് വിധേയമായിരിക്കണമെന്നും ജ. ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടുന്നു. നിയമ നിര്‍മാണത്തില്‍ രാജ്യസഭക്ക് സുപ്രധാന പങ്കുണ്ട്. ആധാര്‍ നിയമത്തിലെ വകുപ്പ് ഏഴാം വകുപ്പ് പ്രകാരം ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കന്നതിലൂടെ സാധാരണക്കാര്‍ക്ക് ആധാര്‍ നമ്പര്‍ അത്യാവശ്യമാണെന്ന നിലയാണ് ഉണ്ടാവുക. ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയുണ്ടാക്കുമെന്നും ജ. ഡി വൈ ചന്ദ്രചൂഡ് തന്റെ പ്രത്യേക വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിന് അധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് വ്യവസ്ഥയാക്കുന്നതാണ് ആധാര്‍ നിയമത്തിലെ വകുപ്പ് 7.

ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചതിലൂടെ ബയോമെട്രിക് വിവരങ്ങള്‍ അപഹരിക്കപ്പെട്ടു. വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ എന്തു സംഭവിക്കും എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തതയില്ല. വ്യക്തിപരമായി വിവരങ്ങള്‍ക്ക് പ്രധാന്യമുണ്ട്. ആധാര്‍ സ്വകാര്യത വിവരങ്ങളും, ഡാറ്റ സംരക്ഷണവും ലംഘിക്കുന്നുണ്ട്. സാങ്കേതികതകള്‍ക്ക് മുന്നില്‍ ഭരണഘടനാ അവകാശങ്ങള്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും ചന്ദ്രചൂഡ് വിധിയില്‍ പറയുന്നു. ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും  ജ. ചന്ദ്രചൂഡ് വ്യക്തമാക്കുന്നു. ഭൂരിപക്ഷ ജഡ്ജിമാരുടെ വിധിക്കെതിരെ പൂര്‍ണമായും വിയോജിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിധി.

എന്നാല്‍ ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷത്തിന്റെ വിധിക്കാണ് നിയമ സാധുത എന്നിരിക്കെ ജ. ഡി വൈ ചന്ദ്രചൂഢിന്റെ വിധി സര്‍ക്കാരിന് പരിഗണിക്കാതിരിക്കാം. എന്നാല്‍ അധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ ഡിലീറ്റ് ചെയ്യണമെന്ന നിര്‍ദേശം പക്ഷേ മുന്നു ജസ്റ്റിസുമാര്‍ കൂടി പിന്തുണയ്ക്കുന്നതിനാല്‍ നിര്‍ദേശം നടപ്പാക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവും.

This post was last modified on September 26, 2018 5:35 pm