X

യാത്രക്കാർ‌ക്ക് മർദ്ദനം: കല്ലട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കി

ഒരു വര്‍ഷത്തേക്കാണ് തൃശ്ശൂര്‍ ആര്‍.ടി.എ സമിതിയുടെ നടപടി.

യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന കല്ലട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഒരു വര്‍ഷത്തേക്കാണ് തൃശ്ശൂര്‍ ആര്‍.ടി.എ സമിതിയുടെ നടപടി. ഗുരുതര പരാതി ഉയര്‍ന്നിട്ടും ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പതിനേഴ് പരാതികള്‍ കല്ലട ബസ്സിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നുവെന്ന് സമിതി കണ്ടെത്തിയതോടെയാണ് തീരുമാനം.

ഇന്നലെ രാവിലെ തൃശൂരിൽ ചേർന്ന ആർ.ടി.എ യോഗം നിയമോപദേശം തേടിയിട്ടു മതി പെർമിറ്റ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ എന്ന നിലപാടിലായിരുന്നു. പക്ഷേ, വിമർശനങ്ങൾ ശക്തമായതോടെ പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ ആർ.ടി.എ അംഗങ്ങൾ നിർബന്ധിതരായി. പെർമിറ്റ് സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ തന്നെ നേരത്തെ പറഞ്ഞിരുന്നു.

ഏപ്രില്‍ 21-ന് പുലര്‍ച്ചെയാണ് കല്ലട ബസ്സിലെ യാത്രക്കാരായ യുവാക്കള്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ബസ് കേടുവന്നതിനെത്തുടര്‍ന്ന് പകരം യാത്രാസൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബസ് വൈറ്റിലയില്‍ എത്തിയപ്പോള്‍ ബസ് ഏജന്‍സിയുടെ ജീവനക്കാര്‍ യുവാക്കളെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. നേരത്തെ ഹരിപ്പാട് പോലീസ് ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാന്‍ അവസരം ഒരുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റിലയിൽ എത്തിയപ്പോള്‍ യുവാക്കളെ  ജീവനക്കാര്‍ കയ്യേറ്റം ചെയ്തത്.

യാത്രക്കാര്‍ക്ക് മർദ്ദനമേറ്റ ഒരു ബസിന്റെ പെർമിറ്റു മാത്രമാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. പെർമിറ്റ് സസ്പെൻഡ് ചെയ്ത നടപടിയെ കോടതിയിൽ നിയമപരമായി കല്ലട അധിക്യതർ ചോദ്യം ചെയ്തേക്കും.

This post was last modified on June 26, 2019 6:39 am