X

കർണാടക: കോൺഗ്രസ് മന്ത്രിമാർ രാജിവച്ചു, വിമതരെ മന്ത്രിയാക്കാമെന്ന് വാഗ്ദാനം; രാജിവയ്ക്കേണ്ടത് കുമാരസ്വാമിയെന്ന് ബിജെപി

രാഷ്ട്രീയ പ്രതിസന്ധിക്ക് ബി ജെ പിക്ക് ഒരു ബന്ധവുമില്ലെന്ന് രാജ് നാഥ് സിംഗ് പറഞ്ഞു.

സ്വതന്ത്ര എംഎൽഎയും മന്ത്രിയുമായിരുന്ന എച്ച് നാഗേഷ് കർണാടക സർക്കാറിനുള്ള പിന്തുണ പിൻവലിച്ച് രാജി സമർപ്പിച്ചതോടെ ഭരണം നിലനിർത്താൻ അവസാന വട്ട ശ്രമങ്ങളുമായി ഭരണ പക്ഷം. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനായി വിമത എംഎൽഎമാരെ അനുനയിപ്പിക്കുക എന്നത് മാത്രമാണ് പോംവഴിയെന്നിരിക്കെ ഇവരെ ഉൾപ്പെടുത്തി മന്ത്രി സഭ പുനസംഘടിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

ഇതിനായി, നിലവിലെ മന്ത്രി സഭയിലെ മുഖ്യമന്ത്രി ഒഴികെ ബാക്കി എല്ലാ മന്ത്രിമാരും സ്ഥാനമൊഴിയുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് െമന്ത്രിമാർ ഇതിനോടകം തന്നെ പാർട്ടിക്ക് രാജിക്കത്ത് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ ജെഡിഎസ് മന്ത്രിമാരും രാജിക്ക് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ട്. കോണ്‍ഗ്രസ് മന്ത്രിമാരുടെ യോഗം ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടില്‍ ചേർന്നിരുന്നു. ഇവിടേക്ക് മുഖ്യമന്ത്രികുമാരസ്വാമിയും യോഗത്തിൻ പങ്കെടുത്തിരുന്നു. അതേസമയം, വിമത എംഎല്‍എമാരുടെ യോഗം മുംബൈയില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. അതിനിടെ ബിജെപി ക്യാംപിലേക്ക് പോയ 10 എംഎൽഎമാരിൽ 6-7 പേർ ഇന്ന് വൈകീട്ടോടെ മടങ്ങിയെത്തുമെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ പറയുന്നു.

എന്നാൽ, രാജിവച്ച മന്ത്രിമാർ മടങ്ങിവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. ജനാധിപത്യത്തിൽ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയില്ലെന്നത് വ്യക്തമാണ്. ഇന്നലെയും ഇന്നുമായി വിശദമായ ചർച്ചകൾ നടക്കുകയാണ്. എല്ലാ മന്ത്രിമാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തി. മന്ത്രിമാർ സ്വയമാണ് രാജി വെച്ചതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതിനിടെ, എച്ച് നാഗേഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കർണാടക സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബിജെപി ആരോപിച്ചു. പുതിയ സാഹചര്യത്തിൽ മുഖ്യമന്ത്രി കുമാര സ്വാമി രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. നിലവിൽ രാജി സമർപ്പിച്ച കോൺഗ്രസ്- ജെഡിഎസ് പ്രതിനിധികളുടെ ആവശ്യം സ്പീക്കർ അംഗീകരിച്ചാല്‍ സർക്കാറിന്റെ ഭുരിപക്ഷം 104 ലേക്ക് ചുരുങ്ങും. കേവല ഭൂരിപക്ഷം 106 ആണെന്നിരിക്കെ എച്ച് നാഗേഷിന്റെ പിന്തുണയോടെ ബിജെപിയുടെ അംഗബലം 106ലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാജി ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്.

മുള്‍ബാഗൽ എംഎല്‍എയായ നാഗേഷ് സര്‍ക്കാര്‍ രൂപീകരണ സമയത്ത് കോണ്‍ഗ്രസിനായിരുന്നു പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഡിസംബറില്‍ താന്‍ ബിജെപിക്കൊപ്പമാണെന്ന് കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്കി. തുടര്‍ന്ന് ജെഡിഎസ് അനുനയ നീക്കത്തിലൂടെ ഒപ്പം കൂട്ടി മന്ത്രിസ്ഥാനം നല്‍കുകയായിരുന്നു. രാജി സമർപ്പിച്ചതിന് പിന്നാലെ ഇന്ന് രാവിലെ ഗവര്‍ണർ വാജുഭായി വാലയെ കണ്ട എച്ച് നാഗേഷ് ബിജെപിക്കുള്ള തന്റെ പിന്തുണ അറിയിക്കുകയായിരുന്നു.

അതേസമയം, കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ബി ജെ പിക്ക് ഒരു ബന്ധവുമില്ലെന്ന് രാജ് നാഥ് സിംഗ് പറഞ്ഞു. എല്ലാ കോൺഗ്രസ് മന്ത്രിമാരും രാജിക്കത്ത് നൽകി. രാജി വെക്കാൻ മന്ത്രിമാർക്കോ എം എൽ എമാർക്കോ ബി ജെ പി യാതൊരുവിധ പ്രേരണയും നൽകിയിട്ടില്ല. കോൺഗ്രസിൽ രാജി വെക്കുന്ന പ്രവണത ആരംഭിച്ചത് രാഹുൽ ഗാന്ധിയാണെന്നും  രാജ്നാഥ് സിംഗ് ലോക്സഭയിൽ പറഞ്ഞു.

 

This post was last modified on July 8, 2019 6:29 pm