X

പ്രാദേശിക തലത്തില്‍ എതിര്‍പ്പുണ്ടായേക്കുമെന്ന് പോലീസ്; കൃപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല

മുഖ്യമന്ത്രി വീടുകൾ സന്ദര്‍ശിക്കണെമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛനും ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്‍റേയും, കൃപേഷിന്‍റേയും വീട് സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്മാറി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിൻമാറ്റം. പ്രാദേശിക തലത്തില്‍ മുഖ്യമന്ത്രിക്ക് നേരെ എതിര്‍പ്പുണ്ടായേക്കുമോ എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് പോകുന്നതിനെ പൊലീസും എതിര്‍ത്തുവെന്നാണ് സൂചന. വിവിധ ഔദ്യോഗിക പരിപാടികള്‍ക്കായി ഇന്ന് രാവിലെ കാസര്‍ഗോഡെത്തിയായിരുന്നു മുഖ്യമന്ത്രി. ഇതിനിടയിലാണ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനുള്ള താത്പര്യം അദ്ദേഹം അറിയിച്ചത്. മുഖ്യമന്ത്രി കാസര്‍കോട്ടെ പരിപാടി കഴിഞ്ഞ് കാഞ്ഞങ്ങാട്ടേക്കു പോകും.

വിവിധ പരിപാടികളുമാ‌യി ഇന്ന് കാസർക്കോട് ജില്ലയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തരുടെ വീട് സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്. ഇത് സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രദേശത്തെ പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടെന്നാണ് ഡിസിസി നേതൃത്വം ജില്ലാ നേതാക്കളെ അറിയിച്ചതെന്നും റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.

രാവിലെ പത്തിന് സിപിഎമ്മിന്റെ പുതിയ ജില്ലാ കമ്മറ്റി ഓഫീസിന് തറക്കല്ലിട്ട ശേഷം പതിനൊന്ന് മണിക്കാണ് കാഞ്ഞങ്ങാട് വച്ച് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടന പരിപാടി നടക്കുന്നത്. അതിനിടിയില്‍ വീട് സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രിയുടെ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ മുഖ്യമന്ത്രി വീടുകൾ സന്ദര്‍ശിക്കണെമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെത്തിയാൽ കേസിനെ കുറച്ചുള്ള ആശങ്ക അറിയിക്കും. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ സന്ദര്‍ശനം നടത്തുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇന്നലെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ശരത്ത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു

 

This post was last modified on February 22, 2019 9:08 pm