സംസ്ഥാന സർക്കാരിന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിലെ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെ പങ്കെടുപ്പിച്ച് ജനുവരി ഒന്നിന് നടത്താനിരിക്കുന്ന വനിതാ മതിൽ പരിപാടിയിൽ നിന്ന് കേരള ബ്രാഹ്മണ സഭ പിന്മാറി. ആചാരങ്ങൾക്കൊപ്പമാണ് സംഘടനയുടെ നിലപാടെന്ന് വ്യക്തമാക്കിയാണ് ബ്രാഹ്മണ സഭയുടെ പിൻമാറ്റമെന്ന് സംഘടന അധ്യക്ഷൻ കരിമ്പുഴ രാമൻ അറിയിച്ചു.
നൂറ്റാണ്ടുകളായി അനുഷ്ഠിച്ച് വരുന്ന ആചാര അനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കുന്ന ഒരു നടപടിക്കും കൂട്ട് നില്‍ക്കില്ലെന്ന് യോഗത്തില്‍ വ്യക്തമാക്കിയതായും ബ്രാഹ്മണസഭ ഇതു സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കുന്നു. വനിത മതിലിന്റെ ഭാഗമായി ഉണ്ടാക്കിയിരിക്കുന്ന പരിപാടി കമ്മിറ്റിയില്‍ നിന്ന് ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമനെ ഒഴിവാക്കണമെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ എന്‍എസ്എസും യോഗക്ഷേമ സഭ ക്ഷത്രിയ ക്ഷേമസഭ ഉള്‍പ്പെടെയുള്ള സംഘടനകള്‍ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. യോഗത്തിൽ പങ്കെടുത്ത ബ്രാഹ്മണ സഭാംഗങ്ങൾ എതിർപ്പ് അറിയിച്ചിരുന്നില്ല. എന്നാൽ ഒരുദിവസത്തിന് ശേഷം പിന്‍മാറുകയായിരുന്നു. അറിയിപ്പ് കിട്ടിയപ്പോൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നെന്നും കരിമ്പുഴ രാമൻ അറിയിച്ചു. 170 ഓളം സമുദായ സംഘടനകളാണ് മുഖ്യമന്തിയുടെ യോഗത്തിനെത്തിയത്.
നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെയും നവോത്ഥാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിത മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സംഘടനകളുമായുള്ള യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
Leave a Comment