X

കെഎസ്‌ആർടിസി അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു; ചർച്ചയിൽ പങ്കെടുക്കാൻ തൊഴിലാളി സംഘടനകൾക്ക് നിർദേശം

എംഡിക്ക് രൂക്ഷ വിമർശനം. ഒത്തു തീർപ്പ് ചർച്ച വൈകിയതെന്തുകൊണ്ടെന്നും ഹൈക്കോടതി

ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു. നാളത്തെ ചർച്ചയിൽ തൊഴിലാളി സംഘടനകൾ പങ്കെടുക്കണമെന്ന് നിർദേശിച്ച് കൊണ്ടാണ് ഹൈക്കോടതി നടപടി. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.  ഹര്‍ജി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.

ഇന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടെന്ന് സർക്കാരും എംഡിയും കോടതിയെ അറിയിച്ചു. എന്നാൽ ഇന്ന് ചര്‍ച്ച നടത്തിയെന്ന എംഡിയുടെ വിശദീകരണത്തെ കോടതി രൂക്ഷ മായി വിമർശിച്ചു. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചർച്ച നടത്തുന്നതെന്നായിരുന്നു തച്ചങ്കരിയോടുള്ള ഹൈക്കോടതിയുടെ ചോദ്യം. ഒത്തു തീർപ്പ് ചർച്ച വൈകിയതെന്തുകൊണ്ടെന്ന് തിരക്കിയ കോടതി തൊഴിലാളികളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ എംഡിക്ക് ബാധ്യതയില്ലേ എന്നും ആരാഞ്ഞു. തൊഴിലാളികൾക്ക് പ്രശ്നം പരിഹരിക്കാന്‌ ചർച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്മെന്റാണ്. തൊഴിലാളികൾക്ക് പ്രശ്നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിക്കാൻ മാത്രമേ കഴിയൂ എന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, പണിമുടക്കിന് ജീവനക്കാർ നല്‍കിയ നോട്ടീസില്‍ അധികാരികള്‍ ഇടപെടുന്നുണ്ടെങ്കില്‍ സമരം ഉചിതമാണോയെന്ന് ചോദിച്ചായിരുന്നു കോടതി നാളെ ചർച്ചയിൽ പങ്കെടുക്കാൻ തൊഴിലാളികളോട് നിർദേശിച്ചത്. രാവിലെ കേസ് പരിഗണിച്ച കോടതി സമരം സംബന്ധിച്ച ചര്‍ച്ചകളുടെ ഫലം അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയിരുന്നു. ഉച്ചക്ക് 1.45 ന് വിവരം അറിയിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

This post was last modified on January 16, 2019 3:43 pm