X

എല്ലാ നവജാത ശിശുക്കള്‍ക്കും ശ്രവണ പരിശോധന നിര്‍ബന്ധമാക്കിയ രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളം; അഭിനന്ദനവുമായി ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ

കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ 61 പ്രസവാശുപത്രികളാണുള്ളത്. ഇവിടെയെല്ലാം ശ്രവണ പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ നവജാത ശിശുക്കള്‍ക്കും ശ്രവണ പരിശോധന നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി കോക്ലിയറിന്റെ ആഗോള ഹിയറിങ് അംബാസിഡറും ക്രിക്കറ്റ് ഇതിഹാസവുമായ ബ്രെറ്റ് ലീ കേരളം സന്ദര്‍ശിച്ചു. കേരളത്തിലെ എല്ലാ ആശുപത്രികളിലും ഇതു നിര്‍ബന്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

എല്ലാ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും ശ്രവണ പരിശോധന നിര്‍ബന്ധമാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഈ മേഖലയില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ കേരളം മികച്ച പുരോഗതിയാണു കൈവരിച്ചിട്ടുള്ളതെന്നും ഇതിനെ പ്രശംസിക്കുകയാണു വേണ്ടതെന്നും കേരളത്തിന്റെ മുന്നേറ്റത്തെക്കുറിച്ചു സംസാരിക്കവെ ബ്രെറ്റ് ലീ ചൂണ്ടിക്കാട്ടി.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകജനസംഖ്യയുടെ അഞ്ചു ശതമാനത്തിലേറെ പേര്‍, അതായത് 466 ദശലക്ഷം പേര്‍ ശ്രവണ ശേഷി നഷ്ടം മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതില്‍ 34 ദശലക്ഷം പേരും കുട്ടികളാണ്.

കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ 61 പ്രസവാശുപത്രികളാണുള്ളത്. ഇവിടെയെല്ലാം ശ്രവണ പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വലിയൊരു മാതൃകയാണ്. ഒരു കുട്ടിക്കും നിശബ്ദ ലോകത്തു ജീവിക്കേണ്ട സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാന്‍ നാം ഒരുമിച്ചു മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More :67ാമത് നെഹ്റു ട്രോഫി നടുഭാഗം ചുണ്ടന്, ചമ്പക്കുളം രണ്ടാമത്

 

This post was last modified on September 1, 2019 8:20 am