X

സംസ്ഥാനത്ത് കാലവര്‍ഷം കനത്തു, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇടുക്കി അണക്കെട്ടിന്റെ 16 ശതമാനം മാത്രമേ നിലവില്‍ വെള്ളമുള്ളൂ. കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ പകുതിക്ക് മുകളില്‍ വെള്ളമുള്ളത് മൂന്നെണ്ണത്തില്‍ മാത്രം.

സംസ്്ഥാനത്ത് കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. കോട്ടയം ജില്ലയില്‍ കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം എന്നീ പഞ്ചായത്തുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.

അതേസമയം കാലവര്‍ഷം കനത്തിട്ടും സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലൊന്നും ഇതുവരെ സംഭരണ ശേഷിയുടെ പകുതി പോലും വെള്ളമായില്ല എന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി അണക്കെട്ടിന്റെ 16 ശതമാനം മാത്രമേ നിലവില്‍ വെള്ളമുള്ളൂ. 10 ദിവസം കൊണ്ട് മൂന്ന് ശതമാനം വര്‍ദ്ധന മാത്രം. കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ പകുതിക്ക് മുകളില്‍ വെള്ളമുള്ളത് മൂന്നെണ്ണത്തില്‍ മാത്രം.

This post was last modified on July 22, 2019 7:11 am