X

ലോകകപ്പ് ഫൈനലില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് അംപയര്‍ കുമാര്‍ ധര്‍മ്മസേന

ആറ് റണ്‍ നല്‍കാന്‍ പാടില്ലായിരുന്നു എന്ന് കുമാര്‍ ധര്‍മ്മസേന പറഞ്ഞു.

ലോകകപ്പ് ഫൈനലില്‍ തനിക്ക് തെറ്റ് പറ്റിയതായി, ഓവര്‍ ത്രോയ്ക്ക് ആറ് റണ്‍ നല്‍കി ഇംഗ്ലണ്ടിന്റെ ജയത്തെ സഹായിച്ചെന്ന പഴി കേട്ട ശ്രീലങ്കന്‍ അംപയര്‍ കുമാര്‍ ധര്‍മ്മസേന. ആറ് റണ്‍ നല്‍കാന്‍ പാടില്ലായിരുന്നു എന്ന് കുമാര്‍ ധര്‍മ്മസേന പറഞ്ഞു. ശ്രീലങ്കന്‍ പത്രമായ സണ്‍ഡേ ടൈംസിനോടാണ് കുമാര്‍ ധര്‍മ്മസേന ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സ്റ്റംപിലേയ്ക്കുള്ള ന്യൂസിലാന്‍ഡിന്റെ ത്രോ, ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടക്കുകയായിരുന്നു.

ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും 241 റണ്‍സ് എന്ന സ്‌കോറില്‍ തുല്യ നിലയിലാവുകയും സൂപ്പര്‍ ഓവറിലേയ്ക്ക് പോവുകയും ചെയ്തിരുന്നു. സൂപ്പര്‍ ഓവറിലും ടൈ വന്നതിനെ തുടര്‍ന്ന് കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായി നിശ്ചയിക്കുകയായിരുന്നു. അതേസമയം ഫീല്‍ഡ് അംപയര്‍മാര്‍ തെറ്റായ തീരുമാനമാണ് എടുത്തത് എന്ന് ന്യൂസിലാന്‍ഡുകാരനായ മുന്‍ ഐസിസി അംപയര്‍ സൈമണ്‍ ടോഫല്‍ നേരത്തെ പറഞ്ഞിരുന്നു.

ടിവി റീപ്ലേ കണ്ട് കമന്റടിക്കാന്‍ ആളുകള്‍ക്ക് എളുപ്പമാണെന്ന് കുമാര്‍ ധര്‍മ്മസേന പറഞ്ഞു. തെറ്റുണ്ട് എന്ന് റീപ്ലേ കണ്ടപ്പോള്‍ ബോധ്യമായി. എന്നാല്‍ തങ്ങള്‍ അംപയര്‍മാര്‍ ഗ്രൗണ്ടില്‍ റീ പ്ലേ കണ്ടല്ല തീരുമാനമെടുക്കുന്നത് എന്ന് കുമാര്‍ ധര്‍മ്മസേന വാദിച്ചു. തീരുമാനത്തില്‍ യാതൊരു പശ്ചാത്താപവുമില്ല. ഐസിസിയും എന്റെ തീരുമാനത്തെ അഭിനന്ദിക്കുകയാണ് ചെയ്തത് – ധര്‍മ്മസേന പറഞ്ഞു.

This post was last modified on July 21, 2019 10:48 pm