X

സമകാലീന കലകളുടെ 108 ദിവസം; കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് ഇന്ന് കൊടിയേറ്റം

'അന്യത്വത്തില്‍ നിന്നും അന്യതയിലേക്ക്' എന്ന ക്യൂൂറേറ്റര്‍ പ്രമേയത്തിലാണ് ഇത്തവണ ബിനാലെ ഒരുങ്ങുന്നത്.

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന് ഇന്ന്  കൊടിയേറും. ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകീട്ട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 108 ദിവസം നീണ്ടു നില്‍ക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാ വിരുന്നിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ക്യൂറേറ്റര്‍ അനിത ദുബെ ബിനാലെ പതാകയുയര്‍ത്തും.
ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 29 വരെ നടക്കുന്ന കൊച്ചി ബിനാലെയില്‍ വിവിധ കലാ പ്രദർശനങ്ങൾ, ചര്‍ച്ചകള്‍, സംഗീതം, നൃത്തം, സിനിമ വിവിധ കലാ പരിപാടികളും അവതരിപ്പിക്കും. 30 രാജ്യങ്ങളില്‍ നിന്നായി 94 കലാകാരൻമാരാണ് ഇത്തവണ ബിനാലെയില്‍ പങ്കെടുക്കുന്നത്.

‘അന്യത്വത്തില്‍ നിന്നും അന്യതയിലേക്ക്’ എന്ന ക്യൂൂറേറ്റര്‍ പ്രമേയത്തിലാണ് ഇത്തവണ ബിനാലെ ഒരുങ്ങുന്നത്. പകുതിയിൽ അധികവും വനിതാ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന ബിനാലെ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പ്രമേയം അന്വര്‍ത്ഥമാക്കുന്നതു പോലെ തന്നെ പൊതുജനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കിയുള്ളതാകും ബിനാലെയുടെ സ്വഭാവമെന്ന് ക്യൂറേറ്റര്‍ അനിത ദുബെ പറയുന്നു.

പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിന് പുറമെ ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലാണ് ബിനാലെയുടെ പത്ത് വേദികള്‍. പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസ് കൂടാതെ, എറണാകുളം ഡര്‍ബാര്‍ഹാള്‍, പെപ്പര്‍ഹൗസ്, കബ്രാള്‍ യാര്‍ഡ്, ഡേവിഡ് ഹാള്‍, കാശി ടൗണ്‍ ഹൗസ്, കാശി ആര്‍ട്ട് കഫെ, ആനന്ദ് വെയര്‍ഹൗസ്, എംഎപി പ്രൊജക്ട്സ് സ്പേസ്, ടി കെ എം വെയര്‍ഹൗസ് എന്നിവയാണ് മറ്റു വേദികള്‍.

ബിനാലെ നാലാം ലക്കത്തിന് സമാന്തരമായി സ്റ്റുഡന്‍റ്സ് ബിനാലെയും നടക്കും. 200 ഓളം വിദ്യാര്‍ത്ഥികളുടെ സൃഷ്ടിയാണ് ഇതില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇക്കുറി ഇന്ത്യയെ കൂടാതെ സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നും സ്റ്റുഡന്‍റ്സ് ബിനാലെയ്ക്ക് വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉണ്ടാകും. ഇതു കൂടാതെ ലെറ്റ്സ് ടോക്ക് സംഭാഷണ പരിപാടി, ആര്‍ട്ടിസ്റ്റ്സ് സിനിമ, മ്യൂസിക് ഓഫ് മുസിരിസ് സംഗീത പരമ്പര, പാരമ്പര്യ കലകള്‍, സമകാലീന സംഗീതം എന്നിവയുടെ പ്രദര്‍ശനവും ബിനാലെയെ സജീവമാക്കും. ബിനാലെ പ്രതിഷ്ഠാപനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ ബിനാലെയ്ക്ക് ശേഷം വീടുകള്‍ പണിയുന്നതിനായി നല്‍കാനും ഫൗണ്ടേഷന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി 40 കലാകാരൻമാരുടെ തെരഞ്ഞെടുത്ത കലാസൃഷ്ടികള്‍ 2019 ജനുവരി 18ന് ലേലം ചെയ്യും.

This post was last modified on December 12, 2018 8:48 am

Related Post
Leave a Comment