X

അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: കുട്ടികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്

വരുന്ന സേ പരീക്ഷയോടൊപ്പം വീണ്ടും പരീക്ഷ എഴുണമെന്നാണ് നിർദേശം.

കോഴിക്കോട് നീലേശ്വരം സ്‌കൂളില്‍ അധ്യാപകൻ ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരപേപ്പര്‍ തിരുത്തിയ സംഭവത്തില്‍ കുട്ടികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഉത്തരപ്പേപ്പറിൽ തിരുത്തുവരുത്തിയെന്ന സംശയിക്കുന്ന വിദ്യാർത്ഥികൾ  വരുന്ന സേ പരീക്ഷയോടൊപ്പം വീണ്ടും പരീക്ഷ എഴുണമെന്നാണ് നിർദേശം. എന്നാൽ‌ നിർദേശം അംഗീകരിക്കാനാവില്ലെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിലപാട്.

വിഷയത്തിൽ നീലേശ്വരം സ്‌കൂളിലെ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ മൊഴിയെടുക്കും. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. ഹയര്‍ സെക്കന്‍ഡറി ജോയിന്റ് , ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സ്‌കൂളില്‍ എത്തിയാണ് മൊഴിയെടുക്കുന്നത്. കുട്ടികളില്‍ നിന്നാണ് ആദ്യം മൊഴിയെടുത്തത്.

അതേസമയം,  ഉത്തരക്കടലാസ് തിരുത്തിയ അധ്യാപകരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ആള്‍മാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ മുക്കം പൊലീസ് ചുമത്തിയിരിക്കുന്നത്. അതിനിടെ, മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പര്‍ തിരുത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരപേപ്പർ തിരുത്തിയ നിഷാദ് വി. മുഹമ്മദ് എന്ന അധ്യാപകൻ, സ്കൂൾ പ്രിൻസിപ്പൽ, പരീക്ഷാ ഇൻവിജിലേറ്റർ എന്നിവരെ ഇന്നലെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പിലെ അധ്യാപകന് തോന്നിയ സംശയമാണ് ആള്‍മാറാട്ടം വെളിപ്പെടുത്തിയത്. ഇംഗ്ലീഷ് ഉത്തരപ്പേപ്പര്‍ നോക്കിയ അധ്യാപകന് രണ്ട് കുട്ടികളുടെ കൈയക്ഷരത്തില്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷയെഴുതിയതായി കണ്ടെത്തുകയായിരുന്നു. മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ കോഴിക്കോട് മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളുടെ ഇംഗ്‌ളീഷ് പേപ്പര്‍ പൂര്‍ണമായും 32 വിദ്യാര്‍ഥികളുടെ കംപ്യൂട്ടര്‍ സയന്‍സ് ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്.

സ്‌കൂളിലെ അധ്യാപകനായ നിഷാദ് വി. മുഹമ്മദാണ് ക്രമക്കേട് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ കുട്ടികള്‍ക്കുവേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അധ്യാപകനെയും ക്രമക്കേടിന് കൂട്ടുനിന്നെന്ന കുറ്റത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ പി.കെ. ഫൈസല്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്.

Also Read- തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

This post was last modified on May 14, 2019 1:07 pm