X

ലക്ഷ്മിവരതീര്‍ഥ സ്വാമിയുടെ മരണം ഭക്ഷ്യവിഷബാധ മുലമോ? ദുരൂഹത തീരുന്നില്ല; മഠം പോലീസ് നിയന്ത്രണത്തില്‍

മഠം സ്ഥിതി ചെയ്യുന്ന ഉഡുപി ശ്രീകൃഷ്ണ ക്ഷേത്രത്തിനും പരിസരത്തെ ഷിരൂര്‍ മഠത്തിനും സുരക്ഷ ശക്തമാക്കുകയും അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ മഠങ്ങളില്‍ ആളുകള്‍ പ്രവേശിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.

ഉഡുപി ഷിരൂര്‍ മഠാധിപതി ലക്ഷ്മിവര തീര്‍ഥസ്വാമിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഇതിന്റെ ഭാഗമായി മഠം സ്ഥിതി ചെയ്യുന്ന ഉഡുപി ശ്രീകൃഷ്ണ ക്ഷേത്രത്തിനും പരിസരത്തെ ഷിരൂര്‍ മഠത്തിനും സുരക്ഷ ശക്തമാക്കുകയും അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ മഠങ്ങളില്‍ ആളുകള്‍ പ്രവേശിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. ഐജി അരുണ്‍ ചക്രവര്‍ത്തി, ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷിരൂര്‍ മഠത്തില്‍ സ്വാമി താമസിക്കുന്നിടത്ത് ഫൊറന്‍സിക് വിദഗ്ധര്‍ വെള്ളിയാഴ്ച പരിശോധന നടത്തി. സ്വാമിയുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഭക്ഷ്യവിഷ ബാധയേറ്റാണ് ലക്ഷ്മിവര തീര്‍ഥസ്വാമിയുടെ മരണമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ സ്വാമിക്കൊപ്പം ഭക്ഷണം കഴിച്ച് ആശ്രമത്തിലെ മറ്റാര്‍ക്കും വിഷബാധയേറ്റില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നാണ് പോലീസ് നിലപാട്. സ്വാമിക്ക് തല്‍കിയ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയതാണെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ലതവ്യ ആചാര്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് അറിയിച്ചിരുന്നതായും ലക്ഷ്മിവര അഭിഭാഷകനും പ്രതികരിച്ചിരുന്നു.

എന്നാല്‍ വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് ആസ്പത്രി അധികൃതര്‍ പറയുമ്പോഴും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. വരുംദിവസങ്ങളില്‍ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.
അതേസമയം, ലക്ഷ്മിവര തീര്‍ഥസ്വാമിക്കെതിരേ രൂക്ഷവിമര്‍ശവുമായി ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശതീര്‍ഥ സ്വാമി രംഗത്തെത്തി. ലക്ഷ്മി വരയ്ക്ക് രണ്ടു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു അവരുമായുള്ള തര്‍ക്കമോ ഷിരൂര്‍ മഠത്തിലെ പ്രശ്‌നമോ ആവാം മരണകാരണമെന്നും കഴിഞ്ഞ ദിവസം പേജാവര്‍ മഠത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. മദ്യപാനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ ശൃംഗേരി മഠാധിപതിയുടെ അധ്യക്ഷതയില്‍ 15 മഠാധിപതികള്‍ യോഗം ചേര്‍ന്ന് ലക്ഷ്മിവരതീര്‍ഥയെ ശാസിച്ചിരുന്നു. എന്നാല്‍ അഷ്ടമഠങ്ങളിലെ മഠാധിപതികള്‍ക്ക് ലക്ഷ്മിവരതീര്‍ഥയുടെ മരണവുമായി ഒരു ബന്ധവുമില്ലെന്നും, ഏതുതരം അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on July 21, 2018 12:35 pm