X

കെ എം ബഷീറിന്റെ കുടുംബത്തിന് എംഎ യുസഫലിയുടെ കൈത്താങ്ങ്

ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പിന്റെ കൈത്താങ്ങ്. കെ എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ നല്‍കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ബഷീറിന്റെ മരണത്തോടെ ഒറ്റപ്പെട്ട ഭാര്യ ജസീലയും മക്കളായ ജന്ന(ആറ്), ആസ്‌മി (ആറ് മാസം) എന്നിവരുടെയും ഭാവിജീവിതത്തിനാണ് ഈ തുകയെന്ന് യൂസഫലി അറിയിച്ചു. ബഷീറിന്ആദരാഞ്ജലികൾ അർപ്പിച്ച് അയച്ച അനുശോചന സന്ദേശത്തോടൊപ്പമാണ് യൂസുഫലി സഹായ വാഗ്ദാനം നൽകിയത്. ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടയായതെന്നും അനുശോചന സന്ദേശത്തിൽ യൂസുഫലി പറഞ്ഞു. തുക ഉടൻ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ കെ.എം. ബഷീറിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ ഖബറടക്കി. ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംസ്‌കാരചടങ്ങില്‍ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. തിരുവനന്തപുരം പ്രസ് ക്ലബ്, സ്വദേശമായ തിരൂര്‍ വാണിയന്നൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷമാണ് മൃതദേഹം ചെറുവണ്ണൂരിലെത്തിച്ചത്. മലയില്‍ മഖാമില്‍ പിതാവ് വടകര മുഹമ്മദാജി തങ്ങളുടെ ഖബറിടത്തോട് ചേര്‍ന്നാണ് ബഷീറിനും അന്ത്യവിശ്രമമൊരുക്കിയത്.

വാണിയന്നൂര്‍ ഷാദുലി നഗറിലെ വീട്ടിലും കോഴിക്കോട് സിറാജ് ഓഫീസ് അങ്കണത്തിലും, തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മലപ്പുറം തിരൂരില്‍ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച കെ.എം. ബഷീര്‍ സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായും തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാദമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു. സൂഫി പണ്ഡിതന്‍ വടകര മുഹമ്മദാജി തങ്ങളുടെയും തിത്താച്ചുമ്മയുടെയും മകനാണ് ബഷീർ.

റിമാൻഡിലുള്ള ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയിൽ സുഖവാസം, ഒപ്പം അടുപ്പക്കാരും സുഹൃത്തുക്കളും; ഒത്തുകളി ആരോപണം ശക്തമാവുന്നു