X

സനൽകുമാറിന്റെ ഭാര്യയെ അവഹേളിച്ചിട്ടില്ല; കുടുംബത്തെ സഹായിക്കും: മന്ത്രി എം മണി

സർക്കാർ നടപടി ക്രമങ്ങളെ കുറിച്ച് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി

നെയ്യാറ്റിൻകരയിൽ‌ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയെ അവഹേളിച്ചിട്ടില്ലെന്നും സർക്കാർ നടപടി ക്രമങ്ങളെ കുറിച്ച് അറിയിക്കുക മാത്രമാണ്  ചെയ്തതെന്നും മന്ത്രി എംഎം മണി. വിജിയെ വേദനിപ്പിക്കുന്ന തരത്തിൽ പരാമർശം  നടത്തിയിട്ടില്ലെന്ന് പ്രതികരിച്ച അദ്ദേഹം മരിച്ച സനലിന്റെ കുടുംബത്തെ സർക്കാർ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.

ജോലിയുൾപ്പെടെയുള്ള ആവശ്യങ്ങൾ മുന്നോട്ട് വച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തി വരുന്നതിനിടെ ഇന്നലെയായിരുന്നു വിജി മന്ത്രി മണിക്കെതിരെ ആരോപണം ഉന്നയിച്ചത്. സമരം പത്താം ദിവസമെത്തി നില്‍ക്കുന്ന സാഹചര്യത്തിൽ സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മന്ത്രിമാരെ വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായി വൈദ്യുത മന്ത്രിയെ വിളിച്ചപ്പോൾ അദ്ദേഹം ശകാരിക്കുകയായിരുന്നെന്നായിരുന്നു വിജിയുടെ പ്രതികരണം.

അതേസമയം നീതി തേടി സമരം നടത്തുന്ന യുവതിക്കെതിയ മന്ത്രിയുടെ പരാമർശം സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ വേണ്ടി മതില്‍ പണിയുന്നവരുടെ തനിനിറം പുറത്തുകൊണ്ടുവന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിജിയുടെ വീട്ടിലെത്തിയ ഇടത് സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ നൽകിയ സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. ജോലിയും നഷ്ടപരിഹാരവും നല്‍കണമെന്ന വിജിയുടെ ആവശ്യം ഇതുവരെ മന്ത്രിസഭാ യോഗം പരിഗണിച്ചിട്ടു പോലുമില്ല. ജീവിതത്തില്‍ സര്‍വവും നഷ്ടപ്പെട്ട ഒരു വിധവയെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത മന്ത്രി എം.എം. മണി അവരോടും കേരളീയ സമൂഹത്തോടും മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സമരം തോന്ന്യാസം; സനൽകുമാറിന്റെ ഭാര്യ വിജിക്ക് മന്ത്രി എം എം മണിയുടെ ശകാരം

This post was last modified on December 20, 2018 9:16 am