X

രാജീവ് ഗാന്ധി വധ കേസില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് ഒരു മാസത്തേയ്ക്ക് പരോള്‍

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് 30 ദിവസത്തെ പരോള്‍ ആണ് നളിനിക്ക് അനുവദിച്ചിരിക്കുന്നത്.

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് 30 ദിവസത്തെ പരോള്‍ ആണ് നളിനിക്ക് അനുവദിച്ചിരിക്കുന്നത്. യുകെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി ആറ് മാസത്തേയ്ക്ക് തന്നെ ജയിലില്‍ നിന്ന് വിടണമെന്നാണ് നളിനി ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചില്ല. മകളുടെ വിവാഹത്തിനായി പണം കണ്ടെത്തേണ്ടതുണ്ടെന്നും ഇതിന് സമയം വേണമെന്നും നളിനി കോടതിയില്‍ വാദിച്ചു. ചട്ടപ്രകാരം 30 ദിവസത്തിലധികം തുടര്‍ച്ചയായി പരോള്‍ അനുവദിക്കാനാവില്ല എന്ന് കോടതി നളിനിയെ അറിയിച്ചു.

30 ദിവസം പൊലീസ് സുരക്ഷയ്ക്ക് നളിനി പണം നല്‍കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി പരോള്‍ ലഭിച്ചപ്പോള്‍ പൊലീസ് സുരക്ഷയ്ക്കായി 16,000 രൂപ ചിലവാക്കേണ്ടി വന്ന കാര്യം നളിനി കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകരില്ലാതെ സ്വയം വാദങ്ങള്‍ ബോധിപ്പിക്കുകയാണ് നളിനി ചെയ്തത്. തമിഴിലും അല്‍പ്പം ഇംഗ്ലീഷിലുമായി. പലപ്പോഴും വികാരഭരിതയായി കരഞ്ഞു. താന്‍ കേസില്‍ തെറ്റായി പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു എന്ന് പറഞ്ഞ നളിനി കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കിയതിന് വീണ്ടും നന്ദി പറഞ്ഞു.

നളിനിയടക്കം നാല് പ്രതികള്‍ക്ക് ടാഡ കോടതി വിധിച്ച വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ സ്ത്രീയായതിനാലും ചെറിയ കുട്ടി ഉള്ളതിനാലും നളിനിയുടെ വധശിക്ഷ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അന്ന് സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. നളിനിക്ക് ശിക്ഷ ഇളവ് ലഭിക്കുകയും ജീവപര്യന്തമാക്കി ശിക്ഷ വെട്ടിക്കുറക്കുകയും ചെയ്തു. ജയിലില്‍ വച്ചാണ് നളിനി മകളെ പ്രസവിച്ചത്.

അതേസമയം മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നീ പ്രതികളുടെ വധശിക്ഷ 2014ലാണ് സുപ്രീം കോടതി ഇളവ് ചെയ്ത് ജീവപര്യന്തമാക്കിയത്. ദയഹര്‍ജി തീര്‍പ്പാക്കുന്നതില്‍ ദീര്‍ഘകാലമായി തീരുമാനമെടുക്കാത്തതും ഇരുപത് വര്‍ഷത്തിലധികം അനുഭവിച്ച തടവ് ശിക്ഷയും ഈ പ്രതികളെ ശിക്ഷ ഇളവിന് അര്‍ഹരാക്കുന്നതായി സുപ്രീം കോടതി വിലയിരുത്തിയിരുന്നു. സുപ്രീം കോടതി വിധി വന്നതിന്റെ പിറ്റേദിവസം നാല് പ്രതികളേയും ജയില്‍ മോചിതരാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഇത് സുപ്രീം കോടതി സറ്റേ ചെയ്യുകയായിരുന്നു. കേന്ദ്ര നിയമം ചുമത്തിയുള്ള കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരത്തില്‍ മോചനം സാധ്യമല്ലെന്നായിരുന്നു സുപ്രീം കോടതി വിധി. നേരത്തെ എജി പേരറിവാളനും ഒരു മാസത്തേയ്ക്ക് പരോള്‍ നല്‍കിയിരുന്നു. 1991 മുതല്‍ ജയിലിലാണ് ഇവര്‍. ഈ നാല് പേര്‍ക്ക് പുറമെ രവിചന്ദ്രന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നീ പ്രതീകളാണ് രാജീവ് ഗാന്ധി വധക്കേസില്‍ ഇപ്പോളും ജയിലില്‍ തുടരുന്നത്.

This post was last modified on July 5, 2019 6:55 pm