X

പാകിസ്താനിലെ ഗ്വാദറില്‍ ഹോട്ടലില്‍ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ഗ്വാദറിലെ പേള്‍ കോണ്‍ടിനെന്റല്‍ ഹോട്ടലിലാണ് നാല് ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്.

പാകിസ്താനിലെ ബലോചിസ്താന്‍ പ്രവിശ്യയിലുള്ള ഗ്വാദറില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഗ്വാദറിലെ പേള്‍ കോണ്‍ടിനെന്റല്‍ ഹോട്ടലിലാണ് നാല് ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത് എന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകുന്നേരം 4.50ഓടെയാണ് ആക്രമണമുണ്ടായത്. ബലോചിസ്താന്‍ ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഹോട്ടലിലെ താമസക്കാരില്‍ ഭൂരിഭാഗം പേരെയും സുരക്ഷിത ഇടങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട് എന്ന് പാക് അധികൃതര്‍ പറയുന്നു. വിദേശികളാരും ഹോട്ടലിലില്ല. ബിസിനസ് ആവശ്യങ്ങള്‍ക്കായി വരുന്നവരും ടൂറിസ്റ്റുകളും ധാരാളമായി എത്തുന്ന ഹോട്ടലാണിത്.

ഗ്വാദറില്‍ ചൈന തുറമുഖം നിര്‍മ്മിക്കുന്നുണ്ട്. ചൈനയിലെ സിംഗ്ജിയാംഗ് പ്രവിശ്യയെ ഗ്വാദര്‍ തുറമുഖവുമായി റെയില്‍ മാര്‍ഗം അടക്കം ബന്ധിപ്പിക്കാനുള്ള പദ്ധതിയും നിലവിലുണ്ട്. ഗ്വാദറിലെ ഒര്‍മാരയ്ക്ക് സമീപം 11 സൈനിക ഉദ്യോഗസ്ഥര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് ആഴ്ചകള്‍ക്ക് മുമ്പാണ്.

This post was last modified on May 11, 2019 8:54 pm