പ്രളയത്തില്‍ മുന്നൂറോളം പേരെ രക്ഷിച്ച മത്സ്യത്തൊഴിലാളി പാട്രിക് ഫെര്‍ണാണ്ടസ് കടലില്‍ ജീവനുവേണ്ടി പോരാടിയത് അഞ്ചുമണിക്കൂര്‍. മത്സ്യബന്ധനത്തിനായി ഫൈബര്‍ വള്ളത്തില്‍ കടലില്‍ പോയ ഫെര്‍ണാണ്ടസിന് പെട്ടന്നു പക്ഷാഘാതമുണ്ടാകുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് ഇദ്ദേഹത്തെ കരയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും അഞ്ചുമണിക്കൂര്‍ പിന്നിട്ടിരുന്നു.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പാട്രിക് ഫെര്‍ണാണ്ടസും സഹോദരന്‍ ബേസിലുമാണ് ഔട്ട്‌ബോര്‍ഡ് എന്‍ജിനുള്ള ഫൈബര്‍ വള്ളത്തില്‍ തുമ്പയില്‍ നിന്നും കടലില്‍ പോയത്. 12 നോട്ടിക്കല്‍ മൈലോളം ദൂരത്തെത്തിയപ്പോഴായിരുന്നു പാട്രിക്ക് കുഴഞ്ഞു വീണത്. തല എന്‍ജിനടിയില്‍ ഇടിച്ചായിരുന്നു വീണത്. ശരീരത്തിന്റെ ഒരുഭാഗം വീഴ്ചയില്‍ തളരുകയും ചെയ്തു.
ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡിനെ വിളിക്കുകയും അവര്‍ ബക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്താമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ശരീരം തളര്‍ന്നു കിടക്കുന്ന പാട്രിക്കിന് ബക്കറ്റില്‍ കയറാനുള്ള ആരോഗ്യം കൂടി ഇല്ലായിരുന്നു. ഈ വിവരം അറിയിച്ചടിനെ തുടര്‍ അവര്‍ പിന്‍മാറി. തുടര്‍ന്ന് കോസ്റ്റല്‍ പോലീസിനെ ഉള്‍പ്പടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ഇതിനിടെ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ബോട്ടിലുള്ളവരെ വിളിക്കുകയും അവരുടെ സഹായത്തോടെ സ്വന്തം വള്ളത്തില്‍ തന്നെ കരയിലേക്ക് കൊണ്ടുവരികയും ചെയ്തു. വൈകിട്ട് അഞ്ചോടെ കുഴഞ്ഞുവീണ പാട്രിക് രാത്രി പത്ത് മണിയോടെയാണ് കരയില്‍ എത്തിയത്. ഇപ്പോള്‍ പാട്രിക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡില്‍ ചികിത്സയിലാണ്.
അതേസമയം. മെഡിക്കൽ കോളജിലെ ചികിൽസാ സൗകര്യങ്ങൾ പരിമിതമാണെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. പാട്രിക്കിനും മറ്റൊരു രോഗിയ്ക്കും കൂടി ഒരു കട്ടിലാണ് മെഡിക്കൽ കോളജിൽ നല്‍കിയിരിക്കുന്നത്. പാട്രിക്കിന് ഇന്‍ഷൂറന്‍സ് സഹായം ലഭ്യമാക്കാന്‍ ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ബോര്‍ഡ് അധികൃതര്‍ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്. ബോര്‍ഡിലേയും ഫിഷറീസ് വകുപ്പിലേയും ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും എഫ് ഐ ആര്‍ തയ്യാറാക്കാനോ സഹായം ലഭ്യമാക്കാനോ പോലും ആരും തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ച നാവിക് സംവിധാനം ലഭ്യമായെങ്കില്‍ അധികൃതരുമായുള്ള ആശയവിനിമയത്തിന് സഹായമായേനെനെ എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. പാട്രിക്ക് ഉള്‍പ്പടെ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളാണ് ഇതിനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.
Read More: മരം മുറിക്കാന്‍ കെഎസ്ഇബി; ശാന്തിവനത്തിന് സംരക്ഷണ വലയമൊരുങ്ങുന്നു
Leave a Comment