X

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം: ബാബാ രാം ദേവ്

ജോലി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ നിജപ്പെടുത്തണം. കൂടുതൽ കുട്ടികളുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്.

ഇന്ത്യയിലുള്ള അവിവാഹിതരെ ആദരിക്കണമെന്ന് നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കി യോഗ ഗുരു രാംദേവ്. അലിഗഢില്‍ പതഞ്ജലി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു  ജനസംഖ്യാ നിയന്ത്രണത്തിനുള്ള വഴികൾ ചൂണ്ടിക്കാട്ടി രാം ദേവിന്റെ പ്രതികരണം. നിയന്ത്രണം നടപ്പാക്കാൻ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കണം. രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കുന്നത് ഉൾപ്പെടെ പരിഗണിക്കാമെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്നും രാം ദേവ് ആവശ്യപ്പെട്ടു.

നിയന്ത്രണമില്ലാതെ വളരുന്ന രാജ്യത്തെ ജനപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന് രണ്ടിലധികം കുട്ടികളുള്ളവർക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണം. വോട്ടവകാശം റദ്ദാക്കണം. ജോലി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ നിജപ്പെടുത്തണം. കൂടുതൽ കുട്ടികളുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്. ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും മതം നോക്കാതെ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുത്താൽ മാത്രമേ ജനപ്പെരുപ്പം നിയന്ത്രിക്കാനാകു എന്നും രാംദേവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ നവംബറിലായിരുന്നു രാം ദേവിന്റെ സമാനമായ പ്രസ്താവന. അവിവാഹിതനായ തന്നെ പോലുള്ളവര്‍ക്ക് പുരസ്കാരം നൽകണമെന്നായിരുന്നു പരാമർശം. കുടുംബനാഥനാകുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ജീവിതത്തിൽ ഇതുവരെ കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ പദഞ്ജലി എന്ന സ്വന്തമായൊരു ബ്രാന്റ് സൃഷ്ടിച്ചു. സമാനമായ നിരവധി പദ്ധതികൾ നടപ്പാക്കി 2050ഓടെ ഇന്ത്യയെ ആഗോളതലത്തിൽ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുകയാണു തന്റെ ലക്ഷ്യമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.