X

2004ല്‍ മുങ്ങിയ മോദി 2019ല്‍ പൊങ്ങിയപ്പോള്‍; ആ ‘പവിത്രസ്നാന’ ഫോട്ടോയ്ക്ക് പിന്നിലെ സത്യമെന്ത് ?

ആ ചിത്രങ്ങൾക്ക് 15 വർഷത്തെയെങ്കിലും പഴക്കമുണ്ട്

ഉത്തർപ്രദേശിലെത്തി കുംഭമേളയിൽ പങ്കെടുത്ത് ഒരു പവിത്ര സ്നാനവും കഴിഞ്ഞതോടെ നരേന്ദ്ര മോദിയുടെ പാപങ്ങൾ എല്ലാം തീർന്ന് വിശുദ്ധനായോ? ഹിമാലയത്തിൽ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് ഹിമക്കരടിയോടൊപ്പം മഞ്ഞിൽ കുളിക്കാറുള്ള മോദിജിയ്ക്ക് ഇതൊന്നും പുത്തരിയല്ലെന്ന് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം മോദി കുംഭമേളയ്‌ക്കിടെ പവിത്ര സ്നാനം നടത്തി എന്ന് പറഞ്ഞുകൊണ്ട് ധാരാളം ചിത്രങ്ങൾ പ്രചരിച്ചിരുന്നു. വീ സപ്പോർട്ട് നാഷണലിസം, ഐ സപ്പോർട്ട് മോദി, അഖണ്ഡ ഭാരത് തുടങ്ങിയ പ്രമുഖ സംഘപരിവാർ അനുകൂല പേജുകളിൽ വന്ന ഈ ചിത്രങ്ങൾ കുറച്ചു സമയത്തിനുള്ളിൽ തന്നെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലുള്ള 5000 പേരോളം പങ്കു വെക്കുകയും ചെയ്തു.

ചിത്രം ഫോട്ടോഷോപ്പൊന്നുമല്ല, കാവി ജുബ്ബ അണിഞ്ഞ് കുങ്കുമ കുറി നനഞ്ഞ പടർന്ന് വെള്ളത്തിൽ നിന്ന് കയറി വരുന്ന സാക്ഷാൽ നരേന്ദ്ര മോദി. മോദിയും കുംഭമേളയുമായി ബന്ധപ്പെടുത്തി വൻ ചർച്ചകളും  സൈബർ ഇടങ്ങളിൽ നടന്നു. മോദിജിയുടെ പവിത്ര സ്നാനം കൊണ്ട് കുംഭമേളയും, കുംഭമേള സമയത്ത് മുങ്ങിക്കുളിച്ചതു കൊണ്ട് മോദിജിയും ധന്യരായി എന്ന പോലെ മോഡി ആരാധകർ ഇതിനെ ആഘോഷിച്ചു. തിരക്കിനിടയിലും ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷമായ കുംഭമേളയ്ക്ക് പങ്കെടുക്കാൻ കാണിച്ച മനസിനെ എല്ലാവരും വാഴ്ത്തി.

ആള്‍ട്ട് ന്യൂസ് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ സംഭവം പുറത്ത് വന്നത്. 2004 ൽ ഉജ്ജയിൻ സിംഹസ്ത ഉത്സവത്തിൽ പങ്കെടുത്ത് മോദി പവിത്ര സ്നാനം നടത്തിയിരുന്നു. ചില ഇടങ്ങളിൽ ഈ ഉത്സവത്തെ കുംഭ മേളയെന്നും അറിയപ്പെടാറുണ്ട്. എന്ന് കരുതി ഇപ്പോൾ ഉത്തർപ്രദേശിൽ നടക്കുന്ന കുംഭ മേളയുമായി ഈ ഉത്സവത്തിന് യാതൊരു ബന്ധവുമില്ല. 15 വർഷം മുൻപ് ഈ ഉത്സവത്തിൽ പങ്കെടുത്ത് മോദി ഷിപ്ര നദിയിൽ സ്നാനം ചെയ്യുന്ന ഫോട്ടോയാണ് ഇപ്പോൾ പല ഗ്രൂപ്പുകളും കുത്തിപ്പൊക്കുന്നത്.

This post was last modified on January 24, 2019 9:54 am