X

പി എസ് സി പരീക്ഷ ക്രമക്കേട് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ഒരു സംഘം ആളുകള്‍ ചെയ്ത കുറ്റത്തിന് പി എസ് സിയെ പഴിക്കേണ്ട കാര്യമില്ലെന്നും പി എസ് സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടമൊന്നും തട്ടിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും ആവര്‍ത്തിച്ച് പറഞ്ഞത്.

പബ്ലിക് സര്‍വീസ് കമ്മീഷന്റെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ ക്രമക്കേട് നടത്തി ഉയര്‍ന്ന റാങ്ക് വാങ്ങിയെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം ആവശ്യപ്പെട്ട് പി എസ് സി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റ് ആണ് കേസ് അന്വേഷിക്കുക.

യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം പ്രവീണ്‍ തുടങ്ങിയവര്‍ പ്രതികളായ കേസാണിത്. കോളേജില്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ ശിവരഞ്ജിത്ത് അടക്കമുള്ളവര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം സംസ്ഥാനത്താകെ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് പി എസ് സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയാണ് ശിവരഞ്ജിത്തും നസീമും അടക്കമുള്ളവര്‍ ഉയര്‍ന്ന റാങ്ക് നേടിയത് എന്ന് കണ്ടെത്തിയിരുന്നു.

അനധികൃതമായി യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ ഇവര്‍ പരീക്ഷാ സെന്റര്‍ വാങ്ങിയതും ഉത്തരക്കടലാസുകള്‍ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതുമെല്ലാം വലിയ വിവാദമായിരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം ഒരു സംഘം ആളുകള്‍ ചെയ്ത കുറ്റത്തിന് പി എസ് സിയെ പഴിക്കേണ്ട കാര്യമില്ലെന്നും പി എസ് സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടമൊന്നും തട്ടിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും ആവര്‍ത്തിച്ച് പറഞ്ഞത്.

This post was last modified on August 8, 2019 6:32 am