X

രാഹുലിന്റെ സ്ഥാനാർത്ഥിത്വം; വയനാട് ഡിസിസിക്ക് കാത്തിരിക്കാൻ നിർദേശം, കർണാടകയിൽ മൽസരിക്കണമെന്ന ആവശ്യം ശക്തമാക്കി പിസിസി പ്രസിഡന്‍റ് ദിനേശ് റാവു

മൂന്നു സംസ്ഥാനങ്ങള്‍ക്കും തുല്യപരിഗണനയാണ് നല്‍കുന്നതെന്ന് എ‌ഐസിസി

വയനാട്ടിൽ രാഹുൽ ഗാന്ധി മൽസരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന ദിവസങ്ങൾ പിന്നിടുമ്പോഴും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കാത്തിരിക്കാനാണ് ഡിസിസിക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഡൽഹിയിലെ മുതിർന്ന നേതാക്കളുമായി നടത്തിയ ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചായിരുന്നു വയനാട് ഡിസിസി ഡൽഹിയിലെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടത്.

അതിനിടെ, രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിൽ മൽസരിക്കുന്നെങ്കിൽ അതിന് കർണാടക തിരഞ്ഞെടുക്കണമെന്ന ആവശ്യവുമായി കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. രാഹുല്‍ ഗാന്ധിയെ ദക്ഷിണേന്ത്യയിലേക്ക് ആദ്യം സ്വാഗതം ചെയ്തത് കര്‍ണാടകയിലെ കോണ്‍ഗ്രസാണ് ഇക്കാര്യം വീണ്ടും രാഹുലിനോട് ആവശ്യപ്പട്ടിട്ടുണ്ടെന്ന് കര്‍ണാടക പിസിസി പ്രസിഡന്‍റ് ദിനേശ് റാവു പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് അദ്ദേഹം തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിൽ കര്‍ണാടകയില്‍ തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ നിന്നുള്ള നേതാക്കളായ സിദ്ധരാമയ്യയും കര്‍ണാടക പിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ട് റാവുവുമാണ് രാഹുലിനെ തെക്കെ ഇന്ത്യയിലേക്ക് ആദ്യം ക്ഷണിച്ചത്. എന്നാല്‍ വയനാട് സീറ്റിൽ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനായി പരിഗണിക്കപ്പെടുന്നുണ്ടോ എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ദിനേശ് ഗുണ്ട്റാവു വ്യക്തമാക്കുന്നു.

എന്നാൽ കാത്തിരിക്കാൻ നിർദേശിക്കുമ്പോഴും രണ്ടാമതൊരു സീറ്റില്‍ മല്‍സരിക്കുന്നതില്‍ രാഹുല്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കേരളത്തിനുപുറമെ കര്‍ണാടകയും തമിഴ്നാടും രാഹുലിനായി ആവശ്യം ഉന്നയിച്ചിട്ടുണ്. മൂന്നു സംസ്ഥാനങ്ങള്‍ക്കും തുല്യപരിഗണനയാണ് നല്‍കുന്നതെന്നും എ‌ഐസിസി വ്യക്തമാക്കുന്നു. അതിനിടെ വടകരയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതിലും അവ്യക്തത നിലനില്‍ക്കുകയാണ്.

 

 

This post was last modified on March 26, 2019 5:01 pm