X

സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത: ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു

മഴക്കെടുതി രൂക്ഷമായി തുടരുന്ന വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്ത കനത്ത മഴയാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ കാരണമായതെന്നാണ് വിശദീകരണം.

കേരളത്തില്‍ രൂക്ഷമായ ദുരിതം വിതച്ച പെയ്ത കനത്തമഴ രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊള്ളുന്നതാണ് കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴക്ക് സാധ്യത നല്‍കുന്നതെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ കനത്ത മഴക്ക് സാധ്യയില്ലെങ്കിലും ഇടവിട്ടുള്ള മഴയായിരിക്കും സംസ്ഥാനത്ത് ഇന്നും നാളെയുമായി ലഭിക്കുകയെന്നും മുന്നറിപ്പ് പറയുന്നു.

അതിനിടെ, മഴക്കെടുതി രൂക്ഷമായി തുടരുന്ന വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്ത കനത്ത മഴയാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ കാരണമായതെന്നാണ് വിശദീകരണം. 90 സെന്റീമീറ്ററില്‍ നിന്നും 120 സെ.മീ ആയാണ് ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇതോടെ 77 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഘട്ടം ഘട്ടമായി ഷട്ടറുകള്‍ 150 സെന്റീമീറ്റര്‍ വരെ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും, പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താനും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. വയനാട്ടില്‍ വീണ്ടും ഉരുള്‍ പൊട്ടലുണ്ടായതായും റിപോര്‍ട്ടുകളുണ്ട്‌. കുറിച്യര്‍ മലയിലായിരുന്നു ഉരുള്‍പൊട്ടല്‍. ജില്ലയില്‍ നിരവധി പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ തുടരുകയാണ്.

ഇതിനിടെ, മഴ കുറയുകയും ജലം തുറന്നുവിടുകയും ചെയ്തതോടെ ഇടുക്കി ഡാമില്‍ ജല നിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം 2397 മീറ്ററിലേക്ക് അടുക്കുകയാണ് ഡാമിലെ ജലനിരപ്പ്. എന്നാല്‍ മഴ ശക്തി പ്രാപിക്കാന്‍ ഇടയുള്ളതിനാല്‍ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്‌ക്കേണ്ടെന്നാണ് കെഎസ്ഇബിയുടെ തീരുമാനം. ചെറുതോണി പാലം കവിഞ്ഞ് തന്നെയാണ് ഇപ്പോഴും ഡാമില്‍ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകുന്നത്. പാലത്തിലൂടെയുള്ള ഗതാഗതം ഇല്ലാതായതോടെ പുറം ലോകമായി ബന്ധപ്പെടാന്‍ വഴികള്‍ ഇല്ലാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. ജോലിക്കുപോലും പോകാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഇടമലയാര്‍ അണക്കെട്ടിലും ജല നിരപ്പ് താഴ്ന്നിട്ടുണ്ട്. അഞ്ചു ഷട്ടറുകളും തുറന്നിട്ട് സെക്കന്‍ഡില്‍ 385.28 ക്യുമെക്സ് വെള്ളമാണ് ഇപ്പോള്‍ ഇവിടെ നിന്നും പുറത്തേക്ക് ഒഴുക്കി വിട്ടുകൊണ്ടിരിക്കുന്നത്.

അതിനിടെ, കാലവര്‍ഷ കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായമായി 100 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ദുരിതം വിലയിരുത്താന്‍ ഇന്നലെ സംസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിനായി കൂടുതല്‍ തുക അനുവദിക്കുമെന്നും കേന്ദ്ര ആഭ്യന്തര പറഞ്ഞു. കേരളത്തിലെ പ്രളയ ദുരിതം ഗുരുതരമാണ്. കേന്ദ്രത്തിന്റെ എല്ലാ സഹായവും കേരളത്തിന് ഉറപ്പ് നല്‍കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്നത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി ഇന്നലെ രാജ്നാഥ് സിംഗിന് നിവേദനം നല്‍കിയിരുന്നു. അടിയന്തര ആശ്വാസമായി 1,220 കോടി രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണം. 8,316 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കേരളം നേരിടുന്നത് 1924ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ്. നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

This post was last modified on August 13, 2018 10:43 am