X

എലിപ്പനി: 13 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം; ചികില്‍സ പ്രോട്ടോകോള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

92 പേരാണ് സംസ്ഥാനത്ത് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഇതില്‍ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 28 പേര്‍ കോഴിക്കോട് സ്വദേശികളുമാണ്.

പ്രളയത്തിന് ശേഷം വിവിധ ജില്ലകളില്‍ എലിപ്പനി സ്ഥിരീകരിക്കുകയും പകര്‍ച്ചവ്യാധികള്‍ പടരുന്നെന്ന് റിപോര്‍ട്ടുകള്‍ വരികയും ചെയ്തതോടെ സംസ്ഥാനത്തെ 13 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. എലിപ്പനി ബാധിച്ച് ഞായറാഴ്ച അഞ്ച് പേര്‍കൂടി സംസ്ഥാനത്ത് മരിച്ചതോടെയാണ് കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. എലിപ്പനിക്ക് പുറമേ വിവിധ ജില്ലകളില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മുക്കം കാരമൂല ചെലപ്പുറത്ത് സലീം ഷാ, വേങ്ങേരി നെച്ചുകുഴിയില്‍ സുമേഷ്, മലപ്പുറം ചമ്രവട്ടം ചെറുകുളത്ത് ശ്രീദേവി, വടകര കുട്ടോത്ത് സ്വദേശി ഉജേഷ് എന്നിവരാണു കോഴിക്കോട് മരിച്ചത്. എറണാകുളത്ത് പെരുമ്പാവൂര്‍ അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരിയാണ് (51) എന്നിവരാണ് ഇന്ന് മരിച്ചത്. പ്രളയശേഷം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവരാണ് മരിച്ചവരില്‍ അധികവും. ഇതോടെ ഇതോടെ മൂന്നു ദിവസത്തിനിടെ മരണം 26 ആയതായും റിപോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച മാത്രം ഒന്‍പതു പേര്‍ എലിപ്പനി മൂലം മരിച്ചെന്നും വിവരങ്ങളുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും എലിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ 92 പേരാണ് സംസ്ഥാനത്ത് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഇതില്‍ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 28 പേര്‍ കോഴിക്കോട് സ്വദേശികളുമാണ്.

അതിനിടെ, എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ചികില്‍സ പ്രോട്ടോക്കോള്‍ പുറത്തിറക്കി. എലിപ്പനി ശക്തമായി നിയന്ത്രിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചതാണ് പ്രോട്ടോകോള്‍. പ്രോട്ടോകോള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം പറയുന്നു.

രോഗം മൂര്‍ഛിച്ചവര്‍ക്ക് പലര്‍ക്കും പെന്‍സിലിന്‍ ചികിത്സ ആവശ്യമായി വരും. അതുകൊണ്ടുതന്നെ താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെന്‍സിലിന്റെ ലഭ്യതയും ഇതിനുവേണ്ട മുന്‍കരുതലുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്. പെന്‍സിലിന്‍ ചികിത്സയെപ്പറ്റി കൃത്യമായ മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങും്. ഈ കൗണ്ടര്‍ വഴി പ്രതിരോധ ഗുളികകള്‍ നല്‍കും. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ 200 എംജി കഴിക്കണം. കഴിഞ്ഞയാഴ്ച കഴിച്ചവര്‍ ഈ ആഴ്ചയും കഴിക്കണം. ശരീരത്തില്‍ മുറിവുകള്‍ ഉള്ളവര്‍ ആന്റിസെപ്റ്റിക് ലോഷനുകള്‍ ഉപയോഗിക്കണമെന്ന പ്രത്യേക നിര്‍ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒരു എലിപ്പനി കോര്‍ണര്‍ ആരംഭിച്ചു. ഒരു നഴ്സും ഡോക്ടറുമടങ്ങുന്ന പ്രത്യേക താല്‍ക്കാലിക ആശുപത്രികള്‍ കോഴിക്കോട് ജില്ലയില്‍ മാത്രമായി 16 സ്ഥലങ്ങളില്‍ നാളെ വൈകീട്ടോടെ പൂര്‍ണ സജ്ജമായി പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡെങ്കിപ്പനിക്കായി തുടങ്ങിയ പ്രത്യേക വാര്‍ഡ് എലിപ്പനിക്കായി ഉപയോഗിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.