X

യുവതികൾക്കുള്ള പ്രത്യേക സുരക്ഷ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു; ഹൈക്കോടതി നിരീക്ഷകസമിതി

ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ ദര്‍ശനത്തിനെത്തുന്ന ദിവസങ്ങളില്‍ പോലും ഇത്തരത്തിൽ യുവതികൾക്ക് സുരക്ഷ ഒരുക്കുന്നു.

ശബരിമലയിലെ പ്രത്യേക സുരക്ഷ വിശിഷ്ട വ്യക്തികള്‍ക്കു മാത്രമായി ചുരുക്കണമെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. പ്രോട്ടോക്കോള്‍ പറയുന്നവർക്ക് മാത്രമായിരിക്കണം പ്രത്യേക സുരക്ഷ നൽകേണ്ടത്. ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കുന്നതിനെ വിമർശിച്ചാണ് സമിതിയുടെ നിര്‍ദേശം. ഒന്നോ രണ്ടോ വ്യക്തികള്‍ക്കായി പ്രത്യേക സുരക്ഷ ഒരുക്കുന്നത് മറ്റു തീര്‍ഥാടകരെ ബാധിക്കുന്നതായും നിരീക്ഷക സമിതി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ശബരിമലയിൽ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ ദര്‍ശനത്തിനെത്തുന്ന ദിവസങ്ങളില്‍ പോലും ഇത്തരത്തിൽ യുവതികൾക്ക് സുരക്ഷ ഒരുക്കുന്നു. ഇത്തരത്തില്‍ പ്രത്യേക സുരക്ഷ ഒരുക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രത്യേക സുരക്ഷ ഒരുക്കുന്നത് മറ്റു തീര്‍ഥാടകരുടെ സുരക്ഷയെ ബാധിക്കുന്നുണ്ടെന്നും നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

അതേസമയം, ചില പ്രത്യേക കേന്ദ്രങ്ങളും വ്യക്തികളും നിരീക്ഷക സമിതിയെ നിരന്തരം വിമര്‍ശിക്കുകയാണെന്നും സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യുവതികളെ സന്നിധാനത്ത് എത്തിക്കുന്ന കാര്യത്തില്‍ സമിതിയുടെ അഭിപ്രായം ആരാഞ്ഞിട്ടില്ല എന്ന് പറയുന്ന റിപ്പോർട്ട് ക്രമസമാധാനം പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.