X

ശാന്തിവനം: കെഎസ്ഇബി ടവർ നിർമാണം പൂർത്തിയാക്കി ലൈൻ വലിച്ചു

ശാന്തിവനത്തിലെ വൈദ്യുതി ടവർ നിർമാണം തടയണമെന്നും അലൈൻമെന്റ് മാറ്റണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹർജി ഭൂവുടമയായ മീന പിൻവലിച്ചു.

ഭൂവുടമയുടെയും നാട്ടുകാരുടെയും പ്രതിഷേധം നിലനിൽക്കെ തന്നെ ജൈവ വൈവിധ്യം നിറഞ്ഞ പറവൂർ വഴിക്കുളങ്ങരയിലെ ശാന്തിവനത്തിലെ ടവർ നിർമാണം കെഎസ്ഇബി പുർത്തിയാക്കി. മരങ്ങൾ മുറിക്കാതെ ഉയരം കൂട്ടിയാണ് ടവർ നിർമ്മിച്ചിരിക്കുന്നത്.  ശാന്തിവനത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുക്കാതെ കെഎസ്ഇബി ടവർ നിർമ്മാണം തടുങ്ങിയതോടെയാണ് ഉടമയും പരിസ്ഥിതി പ്രവർത്തകർ സമര രംഗത്തെത്തിയത്. ഇതോടെ കളക്ടർ ഇടപെട്ട് നടത്തിയ ചർച്ചയിൽ ടവറിന്‍റെ ഉയരം കൂട്ടാൻ തീരുമാനമായി. ഇതിന് ശേഷമാണ് ഇപ്പോൾ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.

19.4 മീറ്റർ ഉയരത്തിൽ ടവർ നിർമ്മിച്ചതിനാൽ ഇനി മരങ്ങൾ മുറിക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബി നിലപാട്. ഇക്കാര്യം ഉടമ മീന മേനോനും ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ ലംഘനം ഉണ്ടായാൽ ശക്തമായ സമരവുമായി വീണ്ടും സമര രംഗത്തിറങ്ങാനാണ് ഉടമയുടെ തീരുമാനം.

അതിനിടെ ശാന്തിവനത്തിലെ വൈദ്യുതി ടവർ നിർമാണം തടയണമെന്നും അലൈൻമെന്റ് മാറ്റണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹർജി ഭൂവുടമയായ മീന പിൻവലിച്ചു. കെഎസ് ഇബിയുടെ പുതിയ ഉറപ്പ് പരിഗണിച്ചാണ് നടപടിയെന്നാണ് വിവരം. എന്നാൽ കാരണങ്ങളൊന്നും വ്യക്തമാക്കാതെയാണ് ഹർജി പിൻവലിച്ചിരിക്കുന്നതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. സമാനമായ ആവശ്യമുന്നയിച്ച് നേരത്തെ നൽകിയ ഹർജി ഏപ്രിൽ അഞ്ചിന് സിംഗിൾബെഞ്ച് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. ഇതിനെതിരെ അപ്പീൽ ഫയൽ ചെയ്യാതെ വീണ്ടും പുതിയ ഹർജി ഫയൽ ചെയ്യുന്നത് ശരിയാണോയെന്ന് ഈ മാസം 14ന് ഹൈക്കോടതി നിലപാടെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ ഹർജി പിൻവലിച്ചതിന് പിന്നിലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ശാന്തിവനം സംരക്ഷിക്കാൻ നടക്കുന്ന സമരത്തിന് പിന്തുണയുമായി പരിസ്ഥിതി സംഘടനകൾ ഇപ്പോഴും രംഗത്തുണ്ട്. ചെറായി, പള്ളിപ്പുറം, മുനന്പം, എടവനക്കാട് പ്രദേശങ്ങളിലെ രൂക്ഷമായ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വർഷം മുൻപ് ഭരണാനുമതി ലഭിച്ചതാണ് മന്നംചെറായി 110 കെവി ടവർ ലൈൻ. ലൈനിന് താഴെ മൂന്ന് നില വരെയുള്ള വീടുകൾ നിർമ്മിക്കുന്നതിന് സർക്കാർ അനുമതിയുണ്ടെന്നാണ് കെഎസ്ഇബി നിലപാട്.

 

കമല്‍ഹാസന്‍ തുറന്നുവിട്ട ഗോഡ്‌സെ ഭൂതം; ഗാന്ധി വധം ബിജെപിയെയും ആര്‍എസ്എസ്സിനെയും വീണ്ടും വേട്ടയാടുമ്പോള്‍

This post was last modified on May 17, 2019 7:16 pm