X

യൂണിറ്റ് കമ്മിറ്റി പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ എസ്എഫ്ഐ ഓഫീസ് കയ്യേറി, യുണിവേഴ്സിറ്റി കോളേജിൽ സംഘര്‍ഷം രൂക്ഷം

സംഘർഷത്തിന് പിന്നാലെ മാധ്യമ പ്രവർത്തകരെ പുറത്താക്കാനും ശ്രമം നടന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘർഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റതിന് പിന്നാലെ യൂനിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ യുനിറ്റ് കമ്മിറ്റ് ഓഫീസ് കയ്യേറി വിദ്യാർത്ഥികൾ. കോളജിലെ മൂന്നാം വര്‍ഷ ബി.എ. വിദ്യാര്‍ഥി അഖിലിന് കുത്തേറ്റതിന് പിന്നാലെ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിലാണ് യൂനിറ്റ് കമ്മിറ്റി ഓഫീസ് കയ്യേറി പ്രതിഷേധിക്കുന്ന തരത്തിലേക്ക് തിരിഞ്ഞത്.  ഓഫീസിന് മുന്നിൽ സ്ഥാപിച്ച ബോർഡുകൾ ഉള്‍പ്പെടെ വിദ്യാർത്ഥികൾ തകർത്തു. സംഘർഷത്തിന് പിന്നാലെ മാധ്യമ പ്രവർത്തകരെ പുറത്താക്കാനും ശ്രമം നടന്നു.

അതേസമയം, രൂക്ഷമായ പ്രതികരണമാണ് യുനിറ്റ് നേതാക്കൾക്കെതിരെ വിദ്യാർത്ഥികൾ നടത്തിയത്. എസ്എഫ്ഐ യുനിറ്റ് കമ്മിറ്റി പിരിച്ച് വിടണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെ‍ട്ടു. വിദ്യാർത്ഥികൾ കുട്ടം കൂടി മരച്ചുവട്ടിൽ ഇരുന്ന് പാട്ടുപാടിയതാണ് യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിക്ക് നെഞ്ചിൽ കുത്തേൽക്കുന്നതിന് കാരണമായ സംഘർഷത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട്. യുനിറ്റ് അംഗങ്ങൾക്ക് വിദ്യാര്‍ത്ഥികളുടെ നടപടി ഇഷ്ടപ്പെട്ടില്ലെന്നും അകാരമായി ആക്രമിക്കുകയായിരുന്നെന്നും വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. മരച്ചുവട്ടിൽ നിന്നും കോളജ് ഗേറ്റ് വരെയും തിരിച്ചും മർദ്ദിച്ചെന്നും പെൺകുട്ടികൾ ഉൾപ്പെടെ പറയുന്നു.

സംഘടനാ നേതാക്കൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ വിദ്യാർത്ഥികൾ ഒന്നും ചെയ്യാൻ പാടില്ല, അവരുടെ കൂടെ അവർക്ക് വേണ്ടി സംസാരിച്ചാൽ പ്രശ്നമില്ല. യൂണിറ്റിലെ ഒരാൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പതിമൂന്ന് പേരും ഒരുമിച്ച് വന്ന് ആക്രമിക്കുകയാണ് പതിവെന്നും വിദ്യാർത്ഥികൾ പറയുന്നു.  രണ്ട് ദിവസം മുൻപ് കോളേജില്‍ ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയായിട്ടാണ് ഇന്നും പ്രശ്നമുണ്ടായതെന്നാണ് വിവരം. കോളജിന്റെ ഉള്ളിലായിരുന്നു സംഘര്‍ഷം. എസ്എഫ്ഐ പ്രവർത്തകരാണ് തമ്മിൽ ഏറ്റുമുട്ടിയത് എന്ന് വിദ്യാർത്ഥികൾ പറയുന്നു.

എസ്എഫ്ഐക്ക് മുൻതൂക്കമുള്ള കോളജാണ് യൂനിവേഴ്സിറ്റി കോളജ് ക്യാപസ്. സംഭവ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലവിലുണ്ടെങ്കിലും കോളജിനകത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ഥി ഐക്യമെന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികള്‍ കാമ്പസിന് പുറത്തിറങ്ങി പ്രതിഷേധ മാര്‍ച്ചും നടത്തി. ഇതിന് പിന്നാലെ റോഡ് ഉപരോധിച്ചു. പിന്നാലെയായിരുന്നു യൂനിവേഴ്സിറ്റി കോളജിനുള്ളിൽ പോലും പ്രതിഷേധം ഉയർന്നത്.

എസ്എഫ്ഐക്കാർ തമ്മിലടിച്ചു, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബിരുദ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

 

This post was last modified on July 12, 2019 3:36 pm