X

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരവിളംബരത്തിന് തിടമ്പേറ്റും; എഴുന്നെള്ളിപ്പിന് കർശന ഉപാധികളോടെ കളക്ടറുടെ അനുമതി

രാവിലെ 9-30 മുതൽ 10-30 വരെയാണ് എഴുന്നെള്ളിപ്പിന് അനുമതി.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂർ പുരത്തിന് എഴുന്നെള്ളിക്കാന്‍ ജില്ലാ കളക്ടറുടെ അനുമതി. കർശന ഉപാധികളോടെ ഒരു മണിക്കൂർ നേരത്തേക്കാണ് അനുമതി നൽകിയിരിക്കുന്നത്. പുരം വിളംബരത്തിന്റെ ഭാഗമായി നടക്കുന്ന നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാനും തെക്കേഗോപുര വാതിൽ തള്ളിത്തുറക്കുന്ന ചടങ്ങിൽ പങ്കെടുപ്പിക്കാനുമാണ് കളക്ടർ അനുമതി നൽകിയിക്കുന്നത്. രാവിലെ 9-30 മുതൽ 10-30 വരെയാണ് എഴുന്നെള്ളിപ്പിന് അനുമതി.

എന്നാൽ, ആനയെ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവരരുത്. വടക്കും നാഥ ക്ഷേത്രത്തിലേക്ക് വാഹനത്തിൽ എത്തിക്കുകയും തിരികെ അതേ രീതിയിൽ മടക്കി അയക്കുകയും ചെയ്യണം. ആള്‍ക്കൂട്ടത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർത്തണം. ഇതിനായി പത്ത് മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് നിർമ്മിച്ച് ആളുകളെ മാറ്റി നിർത്തണം. നാല് പാപ്പാൻമാർ കൂടെ വേണമെന്നും കളക്ടർ നിർദേശത്തില്‍ പറയുന്നു.

ഇന്ന് രാവിലെ നടത്തിയ ആരോഗ്യക്ഷമതാ പരിശോധനയിൽ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് വ്യക്തമാക്കി ഡോക്ടര്‍മാരുടെ സംഘം റിപ്പോർട്ട് നൽകിയതോടെയാണ് തെച്ചിക്കോട് രാമചന്ദ്രന്റെ എഴുന്നെള്ളിപ്പിന് വഴിയൊരുങ്ങിയത്. ആനയ്ക്ക് മദപ്പാടില്ല, കാഴ്ച ശക്തി പൂർണമായി നഷ്ടപ്പെട്ടെന്ന് കരുതാനാവില്ല. ശരീരത്തിൽ മുറിവുകളില്ലെന്നും ഡോക്ടർമാരുടെ സംഘം വിലയിരുത്തിയിരുന്നു.

തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അതിന് കർശന നിബന്ധനകൾ വേണമെന്നാണ് സർക്കാറിന് കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചിരുന്നു. ആനയെ പങ്കെടുപ്പിക്കേണ്ട കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കലക്ടർ അധ്യക്ഷയായ ജില്ലാതല ഉൽസവ സമിതി തന്നെയാണന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. ആനയെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കോടതി കലക്ടർക്ക് വിട്ട സാഹചര്യത്തിൽ തെച്ചിക്കോട്ടുകാവ് ദേവസ്വം കലക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രജ്ഞിത് തമ്പാൻ കലക്ടർക്ക് ശുപാർശ നൽകിയത്.

കുട്ടികളടക്കം 13 പേരെ കൊലപ്പെടുത്തിയ ആന സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. ആനയ്ക്ക് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ പൂരത്തിന് എഴുന്നള്ളിക്കരുതെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ നിലപാട്. രാമചന്ദ്രനെ വിലക്കിയുള്ള ഉത്തരവ് പുനഃപരിശോധിക്കില്ല എന്ന് ജില്ലാ കലക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ ആന പ്രശനങ്ങൾ ഉണ്ടാക്കിയാൽ പൂർണ്ണ ഉത്തരവാദിത്വം നെയ്തലക്കാവ് ദേവസ്വത്തിന് ആണെന്ന് കളക്ടർ എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്.

Also Read-  “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

This post was last modified on May 11, 2019 1:50 pm