X

സുരേഷ് ഗോപിക്കെതിരായ ടി വി അനുപമയുടെ നടപടി പ്രശസ്തി നേടാനുള്ള ശ്രമം: കളക്ടർക്കെതിരെ ബിജെപി

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ജില്ല കളക്ടര്‍ ടിവി അനുപമ അദ്ദേഹത്തോട് വിശദീകരണം തേടിയത്.

ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയോട് വിശദീകരണം തേടിയ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ നടപടിക്കെതിരെ വിമർശനവുമായി ബിജെപി. കളക്ടര്‍ ടി വി അനുപമയുടെ നടപടി വിവരക്കേടെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കമ്മീഷൻ എതിർത്താലും ശബരിമല വിഷയം ഉയർത്തിക്കാട്ടുമെന്ന് വ്യക്തമാക്കിയ ഗോപാലകൃഷ്ണൻ . അയ്യപ്പന്‍റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെയായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. എന്നിട്ടും വിശദീകരണം തേടിയ നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ടി വി അനുപമയുടെ നടപടി സർക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണെന്ന് ആരോപിച്ച അദ്ദേഹം ശബരിമലയിലെ വിഷയത്തിൽ സർക്കാരിന്റെ നിലപാട് ഇനിയും ചർച്ചയാക്കി വോട്ട് ചോദിക്കുമെന്നും വ്യക്തമാക്കുന്നു.

ഇന്നലെ വൈകീട്ടോടെയാണ് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ജില്ല കളക്ടര്‍ ടിവി അനുപമ അദ്ദേഹത്തോട് വിശദീകരണം തേടിയത്. സുരേഷ് ഗോപിയോട് 48 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കളക്ടര്‍ നോട്ടീസ് നല്‍കി. തൃശൂര്‍ നഗരത്തിലെ സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചത്.

ശബരിമല അടക്കം മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രചാരണ വിഷയങ്ങളാക്കരുത് എന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ശബരിമല പ്രചാരണ വിഷയമാക്കും എന്നായിരുന്നു തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അന്ന് പറഞ്ഞത്.

This post was last modified on April 7, 2019 1:33 pm

Related Post
Leave a Comment