X

‘ഇവരൊക്കെ ഏത് വലിയ വലയും പൊട്ടിക്കുന്ന വലിയ മീനുകളാണ്, അതിന് പിന്തുണയും ലഭിക്കും’, തുഷാറിനെതിരായ പരാതിക്കാരൻ നാസിൽ പറയുന്നു

തുഷാര്‍ വെള്ളാപ്പള്ളി മകനെ സാമ്പത്തികമായി പറ്റിച്ചെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയുടെ അമ്മ റാബിയയും ആരോപിച്ചു.

ചെക്ക് കേസിൽ ഉൾപ്പെട്ട് അജ്മാനിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ എൻഡിഎ കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി പരാതിക്കാരനായ തൃശ്ശൂർ സ്വദേശി നാസില്‍ അബ്ദുല്ല. തുഷാര്‍ വെള്ളാപ്പള്ളി കാരണം ആറുമാസം ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ടെന്നും ഈ കേസുമൂലം ബിസിനസും ജീവിതവും തകര്‍ന്നു. ഗള്‍ഫില്‍ തുഷാറിന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്നും നാസില്‍ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

ദുബായിൽ ഇലക്ട്രിക്കല്‍ ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനം നടത്തിയിരുന്ന വ്യക്തിയായിരുന്നു ബിടെക് ബിരുദധാരിയായ നാസില്‍ അബ്ദുല്ല.
എന്നാൽ തുഷാര്‍ വെള്ളാപ്പള്ളി നടത്തിയിരുന്ന ബോയിങ് കണ്‍സ്ട്രേഷന്‍സിന്റെ ഉപകരാര്‍ ഏറ്റെടുക്കുന്നതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഉമ്മുല്‍ഖുവൈനിലെ ഒരു പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടും തുഷാറിന്റെ കമ്പനി പണം നല്‍കിയില്ല, നാസില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങി ഇതോടെ ജീവിതം ദുരിതമാവുകയായിരുന്നു. സ്ഥാപനം പോലും ഇല്ലാതായെന്നും അദ്ദേഹം പറയുന്നു.

അതിന്റെ നിയമനടപടികളുമായി ബന്ധപ്പെട്ട് ജയിലിലായിട്ടുണ്ട്, രണ്ട് വര്‍ഷത്തോളം കേസുമായി നടന്നിട്ടുണ്ട്. തുഷാര്‍ ജയിലിലായപ്പോള്‍ ഒന്നരദിവസം കൊണ്ട് പുറത്തിങ്ങി. സാധാരണക്കാരനായ തന്നെ സഹായിക്കാന്‍ ആരുമുണ്ടായില്ല. പ്രിവിലേജ്ഡ് ആയ ആള്‍ക്ക് എല്ലാവരും സഹായത്തിനുണ്ടാകുമെന്നാരുന്നു പ്രവാസി സംഘടനകള്‍ സഹായത്തിനെത്തിയിരുന്നോ എന്ന ചോദ്യത്തിന് നാസില്‍ നൽകുന്ന മറുപടി. ഇവരൊക്കെ ഏത് വലിയ വലയും പൊട്ടിക്കാന്‍ കഴിവുള്ള വലിയ മീനുകളാണ്. അതിന് പിന്തുണയും ലഭിക്കും. നമ്മള്‍ സാധാരണക്കാരനാണ് അതുകൊണ്ടുതന്നെ സ്വാഭാവികമായും ആശങ്കയുണ്ട് അദ്ദേഹം പറയുന്നു.

തുഷാര്‍ പണം നല്‍കാതെ കബളിപ്പിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും തനിക്കറിയാം. ഏറ്റവും ചുരുങ്ങിയത് ഒരു പത്തോളം പേരുണ്ടാകും, തുഷാറിന്റെ സ്വാധീനത്തെ ഭയന്ന് ആരും രംഗത്തു വന്നില്ലെന്നും നാസില്‍ പറഞ്ഞു.  അവരുടെ പക്കൽ ചിലപ്പോള്‍ വാലിഡായിട്ടുള്ള ഡോക്യുമെന്റ് ഉണ്ടായിക്കൊള്ളണമെന്നില്ല. എഗ്രിമെന്റുകളുണ്ടാകും. അതുവെച്ച് കേസ് നടത്താനൊന്നും സാധാരണ ഇടപാടുകാര്‍ തയ്യാറാകില്ല.

താനുമായി ബന്ധപ്പെട്ട സംഭവത്തിൽ ജയില്‍വാസമൊക്കെ കഴിഞ്ഞ സാഹചര്യത്തിൽ സെറ്റിൽമെൻ് വാഗ്ദാനം ഉണ്ടായിരുന്നു.  അതിന്റെ അടിസ്ഥാനത്തില്‍ മുഴുവൻ തുകയുടെ 10 ശതമാനം തരാം എന്ന് പറഞ്ഞു. നിവൃത്തികേടുകൊണ്ടാണ് സമ്മതിച്ചത് .  അതില്‍ 5 ശതമാനം കാശ് തന്നു. ബാക്കി 5 ശതമാനമാണ് ചെക്ക് തന്നത്. ഈ ചെക്കുപോലും അദ്ദേഹത്തിന്റേതായിരുന്നില്ല.    വേറെ ഒരാളുടെ ചെക്കാണ്.  അവര്‍ പറഞ്ഞത് തങ്ങള്‍ക്ക് കിട്ടാനുള്ള ചെക്കാണ്, അത് നിങ്ങളെടുത്തോ എന്നാണ്. പക്ഷെ എഗ്രിമെന്റില്‍ പറഞ്ഞ 10 ശതമാനം പോലും അവര്‍ക്ക് ഫുള്‍ഫില്‍ ചെയ്യാന്‍ സാധിച്ചില്ല. അപ്പോ പിന്നെ ആ ഒരു സെറ്റില്‍മെന്റിന് തന്നെ പ്രസക്തിയില്ലെന്നും നാസിൽ അഭിമുഖത്തിൽ പറയുന്നു.

അതേസമയം, തുഷാര്‍ വെള്ളാപ്പള്ളി മകനെ സാമ്പത്തികമായി പറ്റിച്ചെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയുടെ അമ്മ റാബിയയും ആരോപിച്ചു. പലവട്ടം ആവശ്യപ്പെട്ടിട്ടും പണം തന്നില്ല. കേസിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണവും അവര്‍ തള്ളി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

Read More- 59 പേര്‍ കൊല്ലപ്പെട്ട കവളപ്പാറയ്ക്ക് തൊട്ടടുത്ത് പ്രളയകാലത്ത് കരയിലടിഞ്ഞ മണ്ണും ചെളിയും ഉപയോഗിച്ച് തണ്ണീര്‍ത്തടം നികത്തി, മന്ത്രിയെ തടഞ്ഞ് പരാതിയുമായി ജനം, ഉടന്‍ നടപടി

This post was last modified on August 23, 2019 11:13 am