X

‘ചന്ദ്രയാന്‍ കണ്ട ചന്ദ്രന്‍’; ആദ്യ ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ

സെപ്റ്റംബര്‍ ഏഴിന് രാത്രി 1.40 ന് ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.

ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍ രണ്ട് ചന്ദ്രനോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പേടകം പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്നു. ചന്ദ്രോപരിതലത്തില്‍ നിന്നും 2650 കീലോമീറ്റര്‍ ദൂരെനിന്നുമാണ് ചന്ദ്രയാന്‍ രണ്ട് ഈ ചിത്രം പകര്‍ത്തിയത്. ചിത്രത്തില്‍ അപ്പോളോ ഗര്‍ത്തവും, മെര്‍ ഓറിയന്റലും കാണാം.

ഇപ്പോള്‍ ചന്ദ്രനില്‍ നിന്നും 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4412 കിലോമീറ്റര്‍ കൂടിയ ദൂരവും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ സഞ്ചരിക്കുന്നത്. ഓഗസ്റ്റ് 20 രാവിലെയാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിധിയിലേക്ക് പ്രവേശിച്ചത്. ഓഗസ്റ്റ് 21 ന് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ചന്ദ്രനോട് അടുപ്പിച്ചിരുന്നു. ഓഗസ്റ്റ് 28, 30 സെപ്റ്റംബര്‍ ഒന്ന് തീയ്യതികളില്‍ വീണ്ടും ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കും.

ചന്ദ്രനിലിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ സെപ്റ്റംബര്‍ നാലിനാണ് ആരംഭിക്കുക. അന്തിമ ഭ്രമണപഥമായ ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയില്‍ പേടകം എത്തിക്കഴിഞ്ഞാല്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്റര്‍ വേര്‍പെടും. ഇതോടെ ചന്ദ്രനിലിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. സെപ്റ്റംബര്‍ ഏഴിന് രാത്രി 1.40 ന് ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.

Read More :കെട്ടുകഥകള്‍ പൊളിയുന്നു; ഹിമാലയത്തിലെ രൂപ്കുണ്ട് തടാകത്തിലെ അസ്ഥികളില്‍ ഭൂരിഭാഗവും 1000 വര്‍ഷങ്ങള്‍ക്കിടയില്‍ മരണപ്പെട്ട ഗ്രീക്ക് വംശജരുടേതെന്ന് ഡി എന്‍ എ പഠനം

This post was last modified on August 23, 2019 11:48 am